വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇൻഡ്യ മുന്നണി നിയമനടപടികൾ കടുപ്പിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും സുപ്രീം കോടതിയിൽ ഔദ്യോഗികമായി ചോദ്യം ചെയ്യാൻ അനുമതി തേടി പ്രതിപക്ഷ കക്ഷികൾ കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ ഭാഗമായി കമ്മീഷന് മുന്നിൽ ഉന്നയിക്കാനുള്ള 48 ചോദ്യങ്ങളും പ്രതിപക്ഷം കോടതിയിൽ നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കോടതിയിൽ സമർപ്പിച്ച മറുപടിയിൽ കൃത്യമായ വസ്തുതകളും രേഖകളും ഉൾപ്പെടുത്തുന്നതിന് പകരം വെറും അവകാശവാദങ്ങൾ മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഇൻഡ്യ മുന്നണി കുറ്റപ്പെടുത്തുന്നു. ഔദ്യോഗിക രേഖകളുടെ പിൻബലത്തോടെയുള്ള വ്യക്തമായ മറുപടികൾ ലഭിക്കുന്നതിന് കമ്മീഷനെ നേരിട്ട് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് തിങ്കളാഴ്ച നൽകിയ അപേക്ഷയിൽ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്ക് പുറമെ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ ഭാനു പ്രകാശ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ് പ്രതിപക്ഷ കക്ഷികൾ നേരിട്ട് മറുപടി തേടുന്നത്.