പത്തനംതിട്ട: ശബരിമല തീർത്ഥാടനം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഇനി ഭക്തരുടെ വിരൽത്തുമ്പിൽ ലഭ്യമാകും. വെർച്വൽ ക്യൂ ബുക്കിങ് മുതൽ യാത്ര, താമസം, ആശുപത്രി, ഗതാഗതം തുടങ്ങിയ സമഗ്ര വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന 'ശബരി പോർട്ടൽ' പ്രവർത്തനസജ്ജമായി.
തീർത്ഥാടനത്തിനിടെ കാണാതായവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും അമിതവില ഈടാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതിപ്പെടാനും പോർട്ടലിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ആവശ്യമായ സഹായങ്ങൾ ഒരിടത്തുനിന്ന് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തീർത്ഥാടകർക്ക് sabariportaldcpta.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, 94009 67300 എന്ന നമ്പരിലൂടെ വാട്സാപ്പ് ചാറ്റ്ബോട്ട് (WhatsApp Chatbot) വഴിയും ആവശ്യമായ വിവരങ്ങൾ വേഗത്തിൽ തേടാൻ സാധിക്കും.
തീർത്ഥാടകർക്ക് കൈത്താങ്ങായി ശബരി പോർട്ടൽ; വെർച്വൽ ക്യൂ മുതൽ പരാതി പരിഹാരം വരെ ഒറ്റ കുടക്കീഴിൽ