ഇന്ന് നവംബര്‍ 19. രാജ്യത്തിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയും ഏക വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുടെ 109-ാം ജന്മവാർഷികമാണിന്ന്. ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായ ഇന്ദിരയുടേത് തികച്ചും ലളിതമായ ജീവിതമായിരുന്നു. 'അനുസരണയുള്ള മകള്‍', 'ഉത്തരവാദിത്തമുള്ള അമ്മ', 'മികച്ച ദീര്‍ഘവീക്ഷണമുള്ള സ്ത്രീ', 'സെന്‍സിറ്റീവ് അമ്മ', 'ദേശീയവാദി', 'ശക്തമായ ഇച്ഛാശക്തിയുള്ള വ്യക്തിത്വം', 'ശത്രുക്കള്‍ക്ക് ദുര്‍ഗ', 'അനുകമ്പയുടെ ഉറവ', 'യഥാര്‍ത്ഥ മതേതര വാദി' എന്നിങ്ങനെ ഇന്ദിരാജിയുടെ വിശേഷണങ്ങള്‍ ഏറെയാണ്.
സവിശേഷതകള്‍ നിറഞ്ഞ ജീവിതം!
1917 നവംബര്‍ 19-ന് അലഹബാദില്‍ സമ്പന്നമായ നെഹ്റു കുടുംബത്തിലാണ് ഇന്ദിരാജി ജനിച്ചത്. ഇന്ദിരാ പ്രിയദര്‍ശിനി നെഹ്റു എന്ന യഥാര്‍ത്ഥ പേരുള്ള ഇന്ദിരാജി ആധുനിക ചരിത്രത്തിലെ ശക്തരായ ഭരണാധികാരികളില്‍ പെണ്‍പുലിയായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓമന പുത്രിയിരുന്നു. 1966-77 കാലഘട്ടത്തിലും പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ഇന്ദിരാജി തന്റെ പിതാവിന് ശേഷം ഏറ്റവും കൂടുതല്‍ കാലഘട്ടം രാജ്യം ഭരിച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.
ഒറ്റപ്പെട്ട ബാല്യം!
1917 നവംബര്‍ 19-ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും മകളായി പിറക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടം തുടരുന്ന നാളുകളായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന അച്ഛന്‍ നെഹ്റുവിന്റെയും മുത്തച്ഛന്‍ മോത്തി ലാല്‍ നെഹ്റുവിന്റെയും സാമീപ്യവും ലാളനയും ആഗ്രഹിക്കുന്ന അളവിലനുഭവിക്കാന്‍ കൊച്ചു ഇന്ദിരക്ക് ഭാഗ്യം ലഭിച്ചിരുന്നില്ല. വീട്ടുകാര്‍ അവരെ സ്‌നേഹത്തോടെ ഇന്ദു എന്ന് വിളിച്ചു. ഇന്ദു എന്നാല്‍ ചന്ദ്രന്റെ തെളിച്ചത്തെ നയിക്കുന്നവള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. കുട്ടിക്കാലത്ത് ഇന്ദിരയുടെ മാതാപിതാക്കള്‍ പലപ്പോഴും ജയിലില്‍ പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. അവരുടെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും നഷ്ടപ്പെട്ടു. ഒട്ടേറെ രോഗങ്ങളുമായി ജീവിച്ചിരുന്ന കമലയുടെ കൂടെ ഏകയായാണ് അവര്‍ വളര്‍ന്നത്.
പഠനത്തില്‍ സമര്‍ത്ഥ!
പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന കൊച്ചുമകള്‍ക്ക് അവളുടെ കഴിവിനനുസരിച്ച വിദ്യാഭ്യാസം കൊടുക്കാന്‍ അവളുടെ മുത്തശ്ശന്‍ മോത്തിലാല്‍ ഏറെ ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് നേതൃത്വത്തില്‍ ഉള്ള സെന്റ് സിസിലിയ എന്ന സ്‌കൂളിലാണ് ഇന്ദിരാജിയെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ത്തത്. എന്നാല്‍ കോണ്‍ഗ്രസ്സ് അനുഭാവികളുടെ മക്കള്‍ ബ്രിട്ടീഷ് രാജിനു കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേരാന്‍ പാടില്ല എന്നുള്ള കോണ്‍ഗ്രസ്സ് ഭരണഘടനാ ചട്ടം പ്രാബല്യത്തില്‍ വന്നതോടെ ഇന്ദിരയ്ക്ക് അവിടെ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല. അങ്ങനെ 1933-ല്‍ പൂനെയിലെ പ്യുപില്‍സ് ഓണ്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത് വരെ പല സ്‌കൂളുകളിലായി ഇന്ദിരയ്ക്ക് മാറി പഠിക്കേണ്ടി വന്നു.
അമ്മയുടെ വിയോഗം മാനസികമായി തളര്‍ത്തി!
1936-ല്‍ ബിരുദ പഠനത്തിനായി ഇന്ദിരാജി ഓക്‌സഫോഡ് സര്‍വകലാശാലയില്‍ പഠനത്തിനായി തിരിച്ചു. എന്നാല്‍ അതോടെ മാതാവ് കമല നെഹ്റുവിന്റെ രോഗം മൂര്‍ച്ഛിച്ചു. രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് 1936 ഫെബ്രുവരി 28ന് അവര്‍ മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരാജിക്ക് വലിയൊരു ഷോക്കാണ് നല്‍കിയത്. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പരീക്ഷകളില്‍ പരാജയം ആവര്‍ത്തിച്ചു. അമ്മയുടെ മരണം അവരുടെ സ്വകാര്യ ജീവിതത്തെ പോലും ഏറെ ബാധിച്ചു. ജീവിതത്തില്‍ അവര്‍ വീണ്ടും ഒറ്റപ്പെട്ടു. ചിന്തകള്‍ അവരെ മാനസികമായി തളര്‍ത്തി. എങ്കിലും സര്‍വകലാശാലയിലെ പഠനം തുടരാന്‍ തന്നെയാണ് ഇന്ദിരാജി തീരുമാനിച്ചത്.
മാനസിക സമ്മര്‍ദ്ദം രോഗങ്ങളിലേക്ക് നയിച്ചു!
അമ്മയുടെ മരണശേഷം ഇന്ദിരാജി ആകെ തളര്‍ന്നിരുന്നു. അവരുടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം രോഗങ്ങള്‍ അവരെ തേടിയെത്തി. മനസ്സിന്റെ വിഷാദം ശരീരത്തെയും ബാധിച്ചപ്പോള്‍ ചികിത്സയ്ക്കായി അവര്‍ക്ക് സ്വിറ്റ്‌സര്‍ലണ്ടിലേക്കും ഇന്ത്യയിലേക്കും തുടരെ യാത്ര ചെയ്യേണ്ടി വന്നു. രോഗവും മാനസിക സമ്മര്‍ദ്ദവും മൂലം പഠനത്തില്‍ തുടരെ പരാജയം നേരിട്ടപ്പോള്‍ സര്‍വകലാശാല ഇന്ദിരാജിയോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെടുകയിരുന്നു. യൂറോപ്പിലെ നാസി ആക്രമണം കൂടി പൊട്ടിപുറപ്പെട്ടപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് ഓക്‌സ്‌ഫോഡ് സര്‍വകലാശാല ഇന്ദിരാജിയോടുള്ള ബഹുമാനം കൊണ്ട് ഓണററി ബിരുദം സമ്മാനിച്ചിരുന്നു.
പിതാവിന്റെ മുഖ്യ ഉപദേശക!
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഒറ്റ മകളായിരുന്നു ഇന്ദിരാജി. പിതാവ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം 1947-1964 കാലഘട്ടത്തില്‍ പിതാവിന്റെ ഉപദേശക സംഘത്തിന്റെ പടയാളിയായിരുന്നു അവര്‍. അവരുടെ സ്വാധീനം ഭരണത്തില്‍ പ്രതിഫലിച്ചിരുന്നു. പിതാവിന്റെ സ്വാധീനം വഴി ഇന്ദിരാജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് എല്ലാവരും ധരിച്ചിരുന്നു. പക്ഷെ അത് സംഭവിക്കുകയുണ്ടായില്ല. അച്ഛന്റെ സഹായിയായി നിന്ന് രാഷ്ട്രീയത്തിന്റെ കാതല്‍ വശത്താക്കാനാണ് അവര്‍ ഈ അവസരം ഉപയോഗിച്ചത്.
1959-ല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി രാഷ്ട്രീയ രംഗത്തേക്ക് ഔദ്യോഗികമായി കാലെടുത്തു വച്ച ഇന്ദിരാജി ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1966-ല്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാജി കാര്‍ക്കശ്യവും ഇച്ഛാശക്തിയുമുള്ള പെണ്‍കരുത്ത് ആയിരുന്നു.
ജനങ്ങളെ അറിഞ്ഞുള്ള ഭരണപാടവം!
1964-ല്‍ നെഹ്റു അന്തരിച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തു പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി അവരെ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയായി ഇന്ദിരാ ഗാന്ധിയെ നിയമിച്ചു. അവര്‍ അധികാര രംഗത്ത് ഉറച്ച ശബ്ദമുള്ള, പ്രായോഗിക ബുദ്ധിയുള്ള ലീഡര്‍ ആയിരുന്നു. ജനങ്ങളെ അറിഞ്ഞു അവര്‍ക്ക് വേണ്ടത് ചെയ്ത് ഇന്ദിരാഗാന്ധി മികച്ച നേതാവായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.
നിരക്ഷരരായ ജനങ്ങള്‍ക്ക് വാര്‍ത്ത അറിയുന്നതിന് ടെലിവിഷനും റേഡിയോയുമാണ് മീഡിയം എന്ന് മനസ്സിലാക്കിയ ഇന്ദിരാഗാന്ധി ചെലവ് കുറഞ്ഞ രീതിയില്‍ റേഡിയോ നിര്‍മ്മിച്ച് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇടയില്‍ താരപരിവേഷം ലഭിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇന്ദിരാ ഗാന്ധിക്ക് നിശ്ചയമുണ്ടായിരുന്നു.
'ഉരുക്ക് വനിത'
സ്ത്രീയായിരിക്കുന്നത് തന്റെ ശക്തി കുറയ്ക്കുന്ന ഘടകമല്ലെന്ന സന്ദേശം നല്‍കുന്നതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതം. പോരാട്ടങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ കര്‍ക്കശ രീതികളില്‍ ദേഷ്യവും ജനപ്രീതിയില്‍ അസൂയയുമായിരുന്നു. 1964-ല്‍ പൊട്ടിപ്പുറപ്പെട്ട ഇന്ത്യ-പാക്കിസ്താന്‍ യുദ്ധകാലത്തു ഇന്ദിരാഗാന്ധി ശ്രീനഗറില്‍ തന്റെ അവധിക്കാലം ആഘോഷിക്കുകയിരുന്നു. സുരക്ഷയെ ചൊല്ലി സുരക്ഷ സേന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും മുന്‍കരുതലെടുത്ത് ഇന്ദിരാഗാന്ധി അവിടെത്തന്നെ തുടര്‍ന്നു. ഇതിനെ ചൊല്ലി മറ്റ് നേതാക്കന്മാര്‍ 'വെറും പെണ്ണല്ലേ, എന്ത് ചെയ്യാനാണ്' എന്ന് കളിയാക്കിയിരുന്നെങ്കിലും ഇന്ദിരാ ഗാന്ധി എല്ലാ അര്‍ത്ഥത്തിലും ശക്തയും ധീരയിരുന്നെന്ന് തെളിയിച്ചു. ആരുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ രാജ്യത്തിന്റെ യുദ്ധമുഖത്ത് നിലയുറപ്പിച്ച ഈ ധീരതയാണ് അവരെ ഉരുക്കുവനിതയാക്കിയത്.
മോറാര്‍ജി ദേശയിക്ക് തിരിച്ചടി നല്‍കിയ ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ത്യ-പാക് അനുനയ ചര്‍ച്ചക്കിടയില്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി സോവിയറ്റ് യൂണിയനിലെ താഷ്‌കാന്റില്‍ വച്ച് മരണപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന മോറാര്‍ജി ദേശായിക്ക് മത്സരത്തില്‍ നിന്നും പിന്മാറാന്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം പിന്മാറാതെ മത്സരിച്ചു. തിരഞ്ഞെടുപ്പില്‍ ദേശയിക്ക് 169 വോട്ടും ഇന്ദിരാഗാന്ധിക്ക് 355 വോട്ടും ലഭിച്ചു. ഇതോടെ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേല്‍ക്കുകയായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത ഭരണമുറ!
നെഹ്റുകുടുംബത്തോട് പാര്‍ട്ടിക്ക് ഉള്ള ചായ്വ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ ഉള്ള പ്രധാന കാരണമായിരുന്നു. തലപ്പത്ത് ഇരിക്കുന്ന മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് ഇന്ദിരാഗാന്ധി നല്ലൊരു ലീഡര്‍ ആകുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല. ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും ആണ് ഭരണ രംഗത്ത് അവര്‍ നേരിട്ടിരുന്ന വെല്ലുവിളി. ഇതിനെ തരണം ചെയ്യാന്‍ വികസിത രാജ്യങ്ങളില്‍ നിന്നും സഹായം ലഭിക്കാതെ ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഇന്ത്യ - പാകിസ്ഥാന്‍ യുദ്ധത്തോടെ അമേരിക്ക ഇന്ത്യക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തിയിരുന്നു. പല രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉലച്ചില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ മികച്ച നേതൃപാടവം അതിനെയെല്ലാം മറികടന്നു. അമേരിക്ക ഇന്ദിരാ ഗാന്ധിയെ സ്വാഗതം ചെയ്യുന്ന സ്ഥിതിയിലേക്ക് മാറി. അമേരിക്കയില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിന്‍ഡന്‍ ബി ജോണ്‍സണുമായി ഇന്ദിര ധാരണയിലെത്തി. എന്നാല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയെ പിന്തുണക്കാന്‍ ഇന്ദിരാ ഗാന്ധി തയ്യാറാകാതിരുന്നത് അമേരിക്കയുമായുള്ള ബന്ധം ശിഥിലാമാകാന്‍ കാരണമായി. ഇതിന്റെ പേരില്‍ അവര്‍ക്ക് ഒരുപാട് പഴി കേള്‍ക്കണ്ടി വന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മോറാര്‍ജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിതയായി.
സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം - ബാങ്കുകളുടെ ദേശസാല്‍ക്കരണം
ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്‌കാരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാല്‍ക്കരണം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ സ്വഭാവം പണക്കാരെ പിന്തുണയ്ക്കുന്നതായിരുന്നു. സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയിലെത്തിച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ വ്യക്തിഗത താല്പര്യങ്ങള്‍ക്കായി ബാങ്കിംഗ് മേഖല ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇന്ദിരാ ഗാന്ധി ഇടപെട്ട് ദേശാസാല്‍ക്കരണം നടപ്പാക്കി. മുന്‍ഗണന കിട്ടേണ്ട പല മേഖലകളെയും ഒഴിവാക്കിയുള്ള സ്വകാര്യ വ്യക്തികളുടെ ഒറ്റയാള്‍ ഭരണം അതോടെ അവസാനിച്ചു. ബാങ്കിംഗ് സ്വകാര്യ വ്യക്തികള്‍ക്ക് അന്യമായിരുന്നു.
ഇന്ദിര ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിനു വിധേയരായിരുന്ന സാധാരണ ജനങ്ങള്‍ ഈ നടപടി സ്വാഗതം ചെയ്തു. പതിനാല് വാണിജ്യ ബാങ്കുള്‍ ഇന്ദിരാ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു. ഈ മുന്നേറ്റം ബാംങ്കിംഗ് രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റമാണ് വരുത്തിയത്. നിക്ഷേപം 800 ശതമാനത്തോളം വര്‍ദ്ധിച്ചു. വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ബാങ്കുകള്‍ ഗ്രാമീണ മേഖലകളിലും ശാഖകള്‍ തുറന്നു. ബാങ്കിംഗ് എന്നത് സാധാരണക്കാര്‍ക്കും പരിചിതമായി തുടങ്ങി. അവര്‍ക്കിടയിലെ സമ്പാദ്യശീലം ഗണ്യമായി വര്‍ധിച്ചത് രാജ്യത്തിന്റെ ഒരു വലിയ ചുവട് വെപ്പ് തന്നെയായിരുന്നു.
സ്വകാര്യ ജീവിതം!
പഠനകാലത്ത് പ്രണയാഭ്യര്‍ത്ഥന നടത്തിയ ഫിറോസ് ഗാന്ധിയെ ആണ് ഇന്ദിരാ ഗാന്ധി വിവാഹം കഴിച്ചത്. അമ്മ കമലയും ഇന്ദിര ഗാന്ധിയും ആദ്യം നിരസിച്ചിരുന്നെങ്കിലും, അമ്മയുടെ മരണ ശേഷം ഇന്ദിരാ ഗാന്ധി പിന്നീട് ഫിറോസിനെ തന്നെ വിവാഹം കഴിച്ചു. വിവാഹശേഷം അല്ലഹബദില്‍ താമസിച്ച ഇരുവര്‍ക്കിടയിലും ദാമ്പത്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. പിതാവ് നെഹ്റുവിനെ സ്വാതന്ത്ര്യ കാലത്ത് സഹായിക്കാന്‍ ഡല്‍ഹിയിലേക്ക് പോയതോടെ ഇരുവരും തമ്മില്‍ അകല്‍ച്ചയിലായി. മക്കളായ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവര്‍ ഇന്ദിരാ ഗാന്ധിയോടൊപ്പമാണ് ജീവിച്ചത്.
മരണത്തെ ധീരതയോടെ പുല്‍കി!
ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നല്‍കാന്‍ തന്റെ ഉദ്യാനത്തില്‍ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന അംഗരക്ഷകരില്‍നിന്നാണ് വെടിയേറ്റത്. ഒക്ടോബര്‍ 31, 1984-ന് സഫ്ദര്‍ജംഗ് റോഡിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇന്ദിരയ്ക്ക് സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ അംഗരക്ഷകരുടെ വെടിയേറ്റത്. അംഗരക്ഷകരെ അഭിവാദനം ചെയ്യാന്‍ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകള്‍ കൊണ്ട് ഇവര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റ ഇന്ദിരയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു കൊണ്ടുപോയി. രാവിലെ 9:30-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടര്‍മാര്‍ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. മുപ്പതോളം വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയുള്ള ഇന്ദിരാ ഗാന്ധിയുടെ മരണം ജനങ്ങളെ ദുഖത്തിലാഴ്ത്തി. മൃതദേഹം മൂന്നുദിവസത്തെ പൊതു ദര്‍ശനത്തിന് വച്ച് നവംബര്‍ മൂന്നിനാണ് സംസ്‌കാരം നടത്തിയത്. സമാധി സ്ഥലം ശക്തി സ്ഥല്‍ എന്ന് അറിയപ്പെടുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി പ്രധാന മന്ത്രിയായി അധികാരമേറ്റു.
‘ഇന്ത്യയെന്നാല്‍ ഇന്ദിര’, ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഉരുക്കുവനിതയ്ക്ക് ഇന്ന് 109-ാം ജന്മവാർഷികം