മുംബൈ: രാജ്യത്ത് അതിവേഗം വളരുന്ന സ്വർണപ്പണയ വായ്പാ വിപണിയിലേക്ക് ആദിത്യ ബിർള ഗ്രൂപ്പും ചുവടുവയ്ക്കുന്നു. ആദിത്യ ബിർള ക്യാപിറ്റലാണ് ഗോൾഡ് ലോൺ വിതരണ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1,000 ശാഖകൾ തുറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
സ്വർണത്തിന് ലഭിക്കുന്ന സുരക്ഷിത നിക്ഷേപമെന്ന പരിഗണനയും വിലയിലുണ്ടായ വൻ കുതിപ്പും ഇന്ത്യയിലെ സ്വർണപ്പണയ വായ്പാ മേഖലയിലെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. സ്വർണവില ഉയരുന്നത് വായ്പയെടുക്കുന്നവർക്ക് കൂടുതൽ തുക ലഭിക്കാൻ സഹായിക്കുന്നതിനാൽ ഈ മേഖലയ്ക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കോർപറേറ്റ് മേഖലയിലെ വൻകിട കമ്പനികൾ ഗോൾഡ് ലോൺ ബിസിനസിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ആദിത്യ ബിർള ക്യാപിറ്റലിന്റെ നീക്കം. നേരത്തെ തൃശൂർ ആസ്ഥാനമായ യോഗക്ഷേമ ലോൺസിനെ (യോഗലോൺ) ഏറ്റെടുത്ത് ടാറ്റ ക്യാപിറ്റൽ സ്വർണപ്പണയ വായ്പാ വിപണിയിൽ പ്രവേശിച്ചിരുന്നു.
കേരളത്തിലെ ഒരു ധനകാര്യ സ്ഥാപനത്തെ ആദ്യമായാണ് ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തത്. യോഗക്ഷേമ ലോൺസിന്റെ ശാഖകൾ കൂടി ഉൾപ്പെടുന്നതോടെ രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി ടാറ്റ ക്യാപിറ്റലിന് 1,477 ശാഖകളുടെ ശൃംഖലയാകും.
ഗോദ്റെജ് ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ഗോദ്റെജ് ക്യാപിറ്റലും നേരത്തെ ഗോൾഡ് ലോൺ വിപണിയിൽ പ്രവേശിച്ചിരുന്നു. ഗോദ്റെജ് ക്യാപിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്റെജ് ഫിനാൻസ്, സ്വർണപ്പണയ വായ്പാ സ്ഥാപനമായ കനകദുർഗ ഫിനാൻസിനെ ഏറ്റെടുത്താണ് രംഗപ്രവേശം നടത്തിയത്.
നിലവിൽ കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസുമാണ് രാജ്യത്തെ സ്വർണപ്പണയ വായ്പാ മേഖലയിലെ മുൻനിര കമ്പനികൾ. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ രണ്ട് കേരള കമ്പനികളും വിപണിയിൽ വലിയ ആധിപത്യം പുലർത്തുന്നുണ്ട്.
ഗോൾഡ് ലോൺ മികച്ച വളർച്ചാ സാധ്യതയുള്ള മേഖലയായാണ് കോർപറേറ്റുകളും ആഗോള നിക്ഷേപ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. അടുത്തിടെ പോൾ മെർച്ചന്റ്സിന്റെയും ഇൻക്രെഡ് ഫിനാൻസിന്റെ ട്രൂക്യാപ് ഫിനാൻസിന്റെയും സ്വർണവായ്പാ ബിസിനസ് എൽ ആൻഡ് ടി ഫിനാൻസ് ഏറ്റെടുത്തതും ഈ മേഖലയിലെ വർധിച്ചുവരുന്ന താൽപര്യത്തിന് തെളിവാണ്.