മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘പദയാത്ര’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അപ്‌ഡേറ്റ് പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. ഇന്ന് രാത്രി 8.55ന് ‘പദയാത്ര’യുടെ ട്രെയ്‌ലർ പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രമേയത്തെയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും കുറിച്ചുള്ള സൂചനകൾ ട്രെയ്‌ലറിലൂടെ ലഭിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
1993ൽ പുറത്തിറങ്ങിയ ‘വിധേയൻ’ ആയിരുന്നു മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിച്ച അവസാന ചിത്രം. ഇപ്പോൾ 32 വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും എത്തുമ്പോൾ ചിത്രം എങ്ങനെയായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
മമ്മൂട്ടി കമ്പനിയാണ് ‘പദയാത്ര’ നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്.
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പദയാത്ര’. 1987ൽ പുറത്തിറങ്ങിയ ‘അനന്തരം’, 1990ലെ ‘മതിലുകൾ’, 1993ലെ ‘വിധേയൻ’ എന്നിവയാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.
ഇതിൽ ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘മതിലുകളിൽ’ വൈക്കം മുഹമ്മദ് ബഷീറായി മമ്മൂട്ടി വേഷമിട്ടപ്പോൾ, ‘വിധേയൻ’ എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
‘അനന്തര’ത്തിൽ അശോകനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ ‘വിധേയന്റെ’ തിരക്കഥ ഒരുക്കിയത്.
മമ്മൂട്ടിയും അടൂരും വീണ്ടും ഒരുമിക്കുന്ന ‘പദയാത്ര’ എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. അതേസമയം, മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം കൂടിയാണ് ‘പദയാത്ര’.