കൊല്ലം: പുനലൂരില്‍ ഇന്ന് നടക്കുന്ന എന്‍.എസ്.എസിന്റെ പത്മാ കഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. സ്വന്തം നേതൃത്വത്തില്‍ സജ്ജമാക്കിയ പദ്ധതിക്കെതിരെ നേരത്തെ വ്യാജ പ്രചാരണം നടത്തിയവര്‍, ഇപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം.
മാധ്യമ വാര്‍ത്തകളിലൂടെയാണ് പത്മാ കഫേയുടെ ഉദ്ഘാടന വിവരം അറിഞ്ഞതെന്നും പദ്ധതി യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ കുറിച്ചു. അഭിമാനബോധത്തോടെ പദ്ധതിക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഇന്ന് പത്മാ കഫേയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
പത്മാ കഫേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് അദ്ദേഹം പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ എന്‍.എസ്.എസ് നേതൃത്വവും ഗണേഷ് കുമാറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. അതേസമയം, പത്മാ കഫേ യാഥാര്‍ഥ്യമാക്കിയത് ഗണേഷ് കുമാറാണെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം താലൂക്ക് യൂണിയന്‍ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഗണേഷ് കുമാറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
'വ്യാജ ആരോപണം ഉന്നയിച്ചവര്‍ ലജ്ജയില്ലാതെ പിതൃത്വം ഏറ്റെടുക്കുന്നു; അഭിമാനത്തോടെ ആശംസകള്‍': പത്മാ കഫേ ഉദ്ഘാടനത്തില്‍ എന്‍.എസ്.എസിനെതിരെ കെ.ബി. ഗണേഷ് കുമാർ