അടിമാലി: ഇടുക്കി അടിമാലിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടികളിലൊരാളുടെ കൈയില്‍ നിന്ന് തിന്നറിന്റെ സാമ്പിള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ തിന്നര്‍ കുടിക്കുകയായിരുന്നു എന്നാണ് പിതാവ് അഫ്‌സലിന്റെ മൊഴി. എന്നാല്‍ പിതാവിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും തുടര്‍ച്ചയായി മൊഴി മാറ്റിപ്പറയുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പിതാവ് അഫ്‌സലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുട്ടികളുടെ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മാതാപിതാക്കളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് അടിമാലി പോലീസ് അറിയിച്ചു.
ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം: അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്; മൊഴികളില്‍ വൈരുധ്യം