തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കായികമേളകളില്‍ ഉത്തേജകമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായുള്ള വാര്‍ത്തകളില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സ്‌കൂള്‍ കായികരംഗത്ത് ഇനി ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലേതിന് സമാനമായി ശാസ്ത്രീയവും വിശ്വാസ്യതയുള്ളതുമായ ഉത്തേജകമരുന്ന് പരിശോധനാ സംവിധാനം സ്‌കൂള്‍ കായികമേളകളിലും നടപ്പിലാക്കാന്‍ സമയമായെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ 'നാഡ'യുടെ (NADA) സഹകരണം സംസ്ഥാന സര്‍ക്കാര്‍ തേടും.
സംസ്ഥാന സ്‌കൂള്‍ കായികമേള ഉള്‍പ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളില്‍ നാഡയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് റാന്‍ഡം പരിശോധന, ടാര്‍ഗെറ്റഡ് പരിശോധന, സാമ്പിള്‍ ശേഖരണം, അംഗീകൃത ലബോറട്ടറി പരിശോധന എന്നിവ അടങ്ങുന്ന സ്ഥിരമായ സംവിധാനം രൂപീകരിക്കും. ഇതിനുപുറമേ, ആവശ്യമുള്ള സാഹചര്യങ്ങളില്‍ മത്സരങ്ങള്‍ക്ക് പുറത്തുള്ള പരിശോധനകളും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കായികമേളകളില്‍ ഉത്തേജകമരുന്ന് പരിശോധന കര്‍ശനമാക്കും; 'നാഡ'യുടെ സഹകരണം തേടുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്