ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സൗജന്യമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ കരാർ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്‌സിനും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്കാണ് സ്വർണമോതിരം ലഭിക്കുക.
755 കോടി രൂപയുടെ പദ്ധതിയിലാണ് ഇരു കമ്പനികളും കരാർ സ്വന്തമാക്കിയത്. ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത് ജോയ് ആലുക്കാസ് ഒന്നാം സ്ഥാനത്തെത്തി. മോതിരത്തിന്റെ സ്വർണവിലയ്ക്ക് പുറമേ സർവീസ് ചാർജായി വെറും ഒരു പൈസ മാത്രമാണ് ജോയ് ആലുക്കാസ് ക്വോട്ട് ചെയ്തത്.
മോതിരത്തിന്റെ നിർമാണച്ചെലവ്, പാഴ്‌വസ്തു ചെലവ്, ഹാൾമാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകൾ ഉൾപ്പെടെയാണ് ഒരു പൈസയുടെ സർവീസ് ചാർജ് രേഖപ്പെടുത്തിയത്.
ജോയ് ആലുക്കാസിന്റെ നിരക്ക് അംഗീകരിച്ച് കല്യാൺ ജ്വല്ലേഴ്‌സും
ടെൻഡറിൽ ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന്, പങ്കെടുത്ത മറ്റ് പത്ത് കമ്പനികളോടും ഇതേ നിരക്ക് അംഗീകരിച്ച് ഓർഡർ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് തമിഴ്നാട് സർക്കാർ ആരാഞ്ഞു. ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികൾക്കും കുറഞ്ഞ നിരക്കുമായി പൊരുത്തപ്പെടാനുള്ള അവസരം നൽകിയത്.
എന്നാൽ ജോയ് ആലുക്കാസ് ക്വോട്ട് ചെയ്ത നിരക്ക് അംഗീകരിച്ച് അതേ നിരക്കിൽ ഓർഡർ ഏറ്റെടുക്കാൻ തയ്യാറായത് കല്യാൺ ജ്വല്ലേഴ്‌സ് മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഓർഡർ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്‌സിനുമായി വിഭജിച്ചത്.
‘സാമൂഹിക ക്ഷേമ പദ്ധതിക്ക് സംഭാവന നൽകാനുള്ള പ്രതിബദ്ധത’
പദ്ധതിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
“സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന അർഥവത്തായ പദ്ധതിയാണിത്. നിലവിലുള്ള സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം കൂട്ടി ക്വോട്ട് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ അധിക വാണിജ്യലാഭം ലക്ഷ്യമിടാതെ ഈ പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിയിലേക്ക് സംഭാവന നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്,” അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാരിന്റെ ഈ പദ്ധതി വഴി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാം സ്വർണമോതിരം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തന്നെ 4.42 ലക്ഷം കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതോടെ രാജ്യത്തെ ശ്രദ്ധേയമായ സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായി ഇത് മാറുകയാണ്.