തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ വിദ്യാർത്ഥികൾ പിഎസ്‌സി വഴി കൂട്ടത്തോടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപക റാങ്ക് പട്ടികയിൽ ഇടംപിടിച്ചെന്ന പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതി പിഎസ്‌സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) 38 എസ്‌എഫ്‌ഐ വിദ്യാർത്ഥികൾക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമനം ലഭിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
2024-25 വർഷത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപക നിയമനങ്ങളിൽ വലിയൊരു പങ്കും സംസ്കൃത സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി. നേടിയ മുൻ വിദ്യാർത്ഥികളാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ പിഎസ്‌സി പരീക്ഷകളിലെ ചോദ്യകർത്താക്കളിൽ ഭൂരിപക്ഷവും ഇതേ സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളാണെന്നത് ക്രമക്കേടിനുള്ള സാധ്യത ബലപ്പെടുത്തുന്നതാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആഭ്യന്തര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.
വർഷങ്ങളായി വിദ്യാർത്ഥി ക്ഷാമം നേരിടുന്ന സംസ്കൃത സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നവരിൽ ഭൂരിഭാഗവും പ്ലസ് ടു, ബിരുദ പരീക്ഷകളിൽ കുറഞ്ഞ മാർക്ക് നേടി വിജയിച്ചവരാണ്. ബിഎ പാസാകാതെ തന്നെ എംഎയ്ക്ക് പ്രവേശനം നേടുന്ന പലരും ഇവിടെ നിന്ന് ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദങ്ങളും പിഎച്ച്.ഡി.യും സ്വന്തമാക്കുന്നുണ്ട്. ഇത്തരക്കാർക്ക് കഴിഞ്ഞ വർഷങ്ങളിൽ പിഎസ്‌സി വഴി കൂട്ടത്തോടെ സർക്കാർ നിയമനങ്ങൾ ലഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പരാതിയിലുള്ളത്.
കേരള, കാലിക്കറ്റ്, എംജി സർവകലാശാലകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പിഎസ്‌സി റാങ്ക് പട്ടികകളിൽ ഇടം ലഭിക്കാതിരിക്കുമ്പോഴാണ് കുഫോസിലെയും സംസ്കൃത സർവകലാശാലയിലെയും എസ്‌എഫ്‌ഐ വിദ്യാർത്ഥികൾ കൂട്ടത്തോടെ നിയമനങ്ങൾ നേടിയതെന്ന് നിവേദനത്തിൽ ആരോപിക്കുന്നു.
സംസ്കൃത സർവകലാശാലയിലെ സംസ്കൃതം (സാഹിത്യം) വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന ഡോ. പ്രിൻസി കുര്യാക്കോസ്, മുൻ പിണറായി സർക്കാരിന്റെ കാലത്ത് 2023 നവംബറിൽ പിഎസ്‌സി അംഗമായി നിയമിതയായ ശേഷമാണ് ഈ കൂട്ടനിയമനങ്ങൾ നടന്നതെന്നാണ് കമ്മിറ്റിയുടെ പ്രധാന ആരോപണം. പിഎസ്‌സി പരീക്ഷകളിൽ ചോദ്യകർത്താക്കളെ നിയോഗിക്കുന്നതിൽ ഇവർക്കുള്ള പങ്കാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയമായ റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമന ശിപാർശകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ, സംസ്കൃത സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിനിയായ പിഎസ്‌സി അംഗത്തിന്റെയും പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെയും പങ്ക് വിശദമായി അന്വേഷണവിധേയമാക്കണമെന്നും ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.