ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നടക്കുന്നത് കോണ്‍ഗ്രസ് തരംഗമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും പിന്തുണയ്ക്കുന്ന പതിവ് രീതി തിരുത്തിക്കുറിച്ചുകൊണ്ട്, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ ദുര്‍ഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്താണ് രാജസ്ഥാനിലെ ജനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം ബി.ജെ.പിക്കെതിരായ ജനരോഷം പുറത്തുവരികയാണ്. ആദ്യം ജൂലൈയിലും, പിന്നീട് ഗ്യാനേഷ് കുമാറിനെതിരെയും കണ്ട പ്രതിഷേധം ഇപ്പോള്‍ രാജസ്ഥാനിലുടനീളം ബി.ജെ.പിയെ തള്ളിക്കളയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത രാജസ്ഥാന്‍ പി.സി.സിയിലെ അര്‍പ്പണബോധമുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി എന്നിവയാല്‍ വലയുന്ന ഗ്രാമീണ ജനത അനുഭവിക്കുന്ന കടുത്ത ദുരിതങ്ങളുടെ വ്യക്തമായ പ്രതിഫലനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച രാജസ്ഥാനിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ വിജയത്തിന്റെ കരുത്തില്‍ വരുംകാലങ്ങളില്‍ ഭരണത്തിന്റെ എല്ലാ തലങ്ങളിലും ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്രസിന്റെ മുന്നേറ്റം തുടരുമെന്ന് കെ.സി. വേണുഗോപാൽ