ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് 24 ജീവനക്കാരെ കണ്ടെത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും വ്യാപക തിരച്ചിൽ ആരംഭിച്ചു. പനാമ രജിസ്ട്രേഷനുള്ള ‘എംവി ഓഷ്യൻ-വിന്നർ’ എന്ന ചരക്കുകപ്പലാണ് ശനിയാഴ്ച അപകടത്തിൽപ്പെട്ടത്. ലൈഫ് റാഫ്റ്റുകളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കോസ്റ്റ് ഗാർഡ് ഇതിനകം രക്ഷപ്പെടുത്തി.
സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പൽ ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് ഓഗസ്റ്റ് 20ന് രാത്രി 10.30ഓടെയാണ് യാത്ര തിരിച്ചത്. ഒഡീഷയിൽനിന്ന് കയറ്റിയ 1,700 ടൺ ഇരുമ്പയിരും കപ്പലിലുണ്ടായിരുന്നു.ചൈനയിൽനിന്നുള്ള 20 പേരും മ്യാൻമറിൽനിന്നുള്ള മൂന്ന് പേരും ബംഗ്ലാദേശിൽനിന്നുള്ള ഒരാളുമടക്കം 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഓഗസ്റ്റ് 22ന് രാവിലെ 11.48ഓടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന വിക്ടറി സ്റ്റാർ ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് ശ്രീ വിജയ പുരത്തെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനെ അറിയിച്ചു.വിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനം ഊർജിതമാക്കി.
കോസ്റ്റ് ഗാർഡിന്റെ ‘വരദ്’, ‘അൻമോൾ’ എന്നീ കപ്പലുകൾ ഉടൻ തിരച്ചിലിനായി നിയോഗിച്ചു. ശ്രീ വിജയ പുരത്തുനിന്ന് ‘വിജിത്’ എന്ന മൂന്നാമത്തെ കപ്പലും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.അപകടമേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ സഹായിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടതായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
മുങ്ങിയ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് നിലവിൽ പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയ രണ്ട് ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല