ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകാനുള്ള ബോർഡ് തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കുന്നതിന് അനുകൂലമായി 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തത്. എന്നാൽ, ഈ വോട്ടെടുപ്പും തീരുമാനവും പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ആരോപിച്ച നോയൽ ടാറ്റ, ഇതോടെ ടാറ്റാ ഗ്രൂപ്പിലെ നേതൃത്വ തർക്കം വീണ്ടും പരസ്യമായി പുറത്തുകൊണ്ടുവന്നു.
ചന്ദ്രശേഖരന്റെ നിയമനത്തെ ബോർഡ് യോഗത്തിൽ താൻ ശക്തമായി എതിർക്കുകയും വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് നോയൽ ടാറ്റ വ്യക്തമാക്കി. ടാറ്റാ സൺസിന്റെ നിയമാവലി അനുസരിച്ച് ഇത്തരമൊരു തീരുമാനത്തിന് ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ആവശ്യമാണ്. എന്നാൽ, തെറ്റായ ഒരു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തന്റെ 'വീറ്റോ' അധികാരം മറികടക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന വ്യവസ്ഥ ദുരുപയോഗം ചെയ്താണ് മാനേജ്‌മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.
വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ (AGM) എൻ. ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് വിവരങ്ങൾ. ഡയറക്ടർ പദവി നഷ്ടമായാൽ അദ്ദേഹത്തിന് ടാറ്റാ സൺസ് ചെയർമാനായി തുടരാനാവില്ല. നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരിയിൽ താൻ സ്ഥാനമൊഴിയുമെന്ന് ഈ ഓഗസ്റ്റിൽ ചന്ദ്രശേഖരൻ അറിയിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിക്കുള്ള നടപടികൾ ആരംഭിച്ചതിനിടയിലാണ് ബോർഡ് യോഗത്തിൽ അപ്രതീക്ഷിത തിരിച്ചടികളും തർക്കങ്ങളും ഉയർന്നുവന്നത്.
ടാറ്റയിൽ പോര് വീണ്ടും രൂക്ഷം; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് നോയൽ ടാറ്റ