ബലേനോ, ബ്രെസ എന്നീ മോഡലുകളുടെ മികച്ച ഫേസ്‌ലിഫ്റ്റ് പതിപ്പുകൾ അടുത്തിടെ വിപണിയിലെത്തിച്ചതിന് പിന്നാലെ, കൂടുതൽ ജനപ്രിയ കാറുകൾ മുഖംമിനുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. അത്യാധുനിക ഫീച്ചറുകളും പുത്തൻ ലുക്കും ഉൾപ്പെടുത്തി വരും നാളുകളിൽ വിപണി കീഴടക്കാനെത്തുന്ന മാരുതിയുടെ പ്രധാന അഞ്ച് ഫേസ്‌ലിഫ്റ്റ് മോഡലുകളുടെ വിശദാംശങ്ങൾ നോക്കാം.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Fronx)
ജനപ്രിയ ക്രോസ്ഓവറായ ഫ്രോങ്ക്‌സ് വൈകാതെ തന്നെ മിഡ്‌ലൈഫ് പരിഷ്‌ക്കാരങ്ങളോടെ വിപണിയിലെത്തും. ലെവൽ 2 അഡാസ് (ADAS) സുരക്ഷാ ഫീച്ചറുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാണിങ് എന്നിവയോടൊപ്പം 360 ഡിഗ്രി ക്യാമറയും പുതിയ പതിപ്പിലുണ്ടാകും. 83 bhp കരുത്തും 112 Nm ടോർക്കും നൽകുന്ന 1.2 ലീറ്റർ Z-സീരീസ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. കൂടാതെ, ലിറ്ററിന് 35 കിലോമീറ്ററിലേറെ ഇന്ധനക്ഷമത നൽകുന്ന വിപ്ലവകരമായ 'സീരീസ് ഹൈബ്രിഡ്' പവർട്രെയിൻ സാങ്കേതികവിദ്യയും ഫാക്ടറി ഫിറ്റഡ് സി.എൻ.ജി വകഭേദവും അടുത്ത വർഷത്തോടെ ഫ്രോങ്ക്‌സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര (Grand Vitara)
ഈ വർഷത്തെ ഉത്സവ സീസണിലോ അടുത്ത വർഷം തുടക്കത്തിലോ ആയിരിക്കും ഗ്രാൻഡ് വിറ്റാര ഫേസ്‌ലിഫ്റ്റ് എത്തുക്ക. പുതിയ ഗ്രിൽ, പരിഷ്‌ക്കരിച്ച ബംപർ, അപ്‌ഡേറ്റ് ചെയ്ത എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് പുറത്തെ പ്രധാന മാറ്റങ്ങൾ. അകത്തളത്തിൽ 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് ട്യൂണിങുള്ള 8 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 8-വേ പവേർഡ് ഡ്രൈവർ സീറ്റ്, ജെസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽഗേറ്റ്, എയർ പ്യൂരിഫയർ എന്നിവ ലഭിക്കും. സുരക്ഷയ്ക്കായി ലെവൽ 2 അഡാസ് ഫീച്ചറുകളും ഉൾപ്പെടുത്തും. നിലവിലെ പെട്രോൾ, സ്‌ട്രോങ് ഹൈബ്രിഡ്, സി.എൻ.ജി എഞ്ചിനുകൾ തുടരുമ്പോൾ, അണ്ടർബോഡി സി.എൻ.ജി ടാങ്കിനും സാധ്യതയേറെയാണ്.
മാരുതി സുസുക്കി എർട്ടിഗ (Ertiga)
പുതുതലമുറ പതിപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി എർട്ടിഗയ്ക്കും ഒരു ഫേസ്‌ലിഫ്റ്റ് നൽകാൻ മാരുതി പദ്ധതിയിടുന്നു. എഞ്ചിനിൽ വലിയ മാറ്റങ്ങളില്ലാതെ ഡിസൈനിലെ മിനുക്കുപണികളും കാലാനുസൃത ഫീച്ചറുകളുമാവും ഇതിൽ പ്രധാനമായും ഉൾപ്പെടുത്തുക. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനൊപ്പം 360 ഡിഗ്രി ക്യാമറയും ഈ ജനപ്രിയ എം.പി.വിക്ക് ലഭിച്ചേക്കാം. നിലവിലെ മാനുവൽ, ഓട്ടമാറ്റിക് എഞ്ചിൻ ഓപ്ഷനുകൾ തുടരുമ്പോൾ, ബൂട്ട്‌സ്‌പേസ് പ്രശ്‌നം പരിഹരിക്കാനായി അണ്ടർബോഡി സി.എൻ.ജി ടാങ്കും ഈ പതിപ്പിൽ പ്രതീക്ഷിക്കാം.
മാരുതി സുസുക്കി വാഗൺ ആർ (Wagon R)
ഹാച്ച്ബാക്ക് നിരയിലെ സൂപ്പർഹിറ്റ് മോഡലായ വാഗൺ ആറും പുതിയ രൂപത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഹെഡ്‌ലാമ്പുകൾ, മുൻ ഗ്രിൽ, ടെയിൽ ലാമ്പുകൾ, ബംപറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലെ 1.0 ലീറ്റർ, 1.2 ലീറ്റർ എഞ്ചിനുകൾക്ക് പുറമേ പുതിയ 1.2 ലീറ്റർ 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിനും വാഹനത്തിന് നൽകിയേക്കും. 1.0 ലീറ്റർ എഞ്ചിനൊപ്പം വരുന്ന സി.എൻ.ജി പതിപ്പിൽ അണ്ടർബോഡി സി.എൻ.ജി ടാങ്ക് നൽകാനും സാധ്യതയുണ്ട്.
മാരുതി സുസുക്കി ഇൻവിക്‌റ്റോ (Invicto)
മാരുതിയുടെ പ്രീമിയം എം.പി.വിയായ ഇൻവിക്‌റ്റോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് അടുത്ത വർഷം വിപണിയിലെത്തും. പരിഷ്‌ക്കരിച്ച മുൻ ഗ്രിൽ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, പുതിയ ബംപറുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവ പുറംമോടിക്ക് മാറ്റ് കൂട്ടും. വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ലെവൽ 2 അഡാസ്, 360 ഡിഗ്രി ക്യാമറ, ജെ.ബി.എൽ ഓഡിയോ സിസ്റ്റം, ഒറ്റമൻ പിൻ സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. നിലവിലെ 2.0 ലീറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനും ഇ-സി.വി.ടി (e-CVT) ഗിയർബോക്‌സും തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക.