കുറ്റം ചെയ്തവർ ആരായാലും നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമ വേട്ടയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ട്രാവൽ മാർക്കറ്റിലെ കേരളാ ടൂറിസം പവലിയൻ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമ സ്ഥാപനത്തിന് നേരെയും സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും, മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ വിമർശിക്കുന്നവരോട് യാതൊരു വിരോധവുമില്ലെന്നും, പ്രതിപക്ഷത്തിരുന്നപ്പോഴും തങ്ങൾ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി ദുബായ് പോലീസിന്റെ മാതൃകയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്തുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. അതോടൊപ്പം, വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനാണ് പദ്ധതിയിടുന്നത്. ദുബായിലെ വിജയകരമായ ടൂറിസം പോലീസ് സംവിധാനം കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഘട്ടങ്ങളായി നടപ്പിലാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
"ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമവേട്ടയല്ല; കുറ്റം ചെയ്തവർ ആരായാലും നിയമ നടപടി നേരിടേണ്ടിവരും": മന്ത്രി പി.സി. വിഷ്ണുനാഥ്