വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പ്രസ്താവിക്കും. മദ്യം കണ്ടെടുത്ത കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിലുള്ള വീട് ആന്റോ അഗസ്റ്റിന്റെ പേരിലുള്ളതല്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ കൃത്യമായ തെളിവുകൾ ഹാജരാക്കി എതിർത്തു.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ സാമ്പത്തിക ഇടപാടുകളിൽ എക്‌സൈസും മറ്റ് ഏജൻസികളും നടത്തിയ പരിശോധനയ്ക്കിടെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം പിടിച്ചെടുത്തത്. ഇതിൽ 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്റർ വിദേശനിർമ്മിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമ്മിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടുന്നു. ഇതേത്തുടർന്ന് അബ്കാരി നിയമത്തിലെ 55 I, 55 A, 58 എന്നീ ഗുരുതര വകുപ്പുകളും വ്യാജമദ്യം സൂക്ഷിച്ചതിനടക്കമുള്ള കുറ്റങ്ങളും ചുമത്തി കേസെടുക്കുകയായിരുന്നു.
കാരാപ്പുഴയിലെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചെയോടെയാണ് എക്സൈസ് സംഘം വയനാട്ടിലെത്തിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വൈകുന്നേരം നാലരവരെ തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
അനധികൃത മദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി