കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയിൽ ഡോളർ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വിദേശ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉൾപ്പെടെയുള്ളവയും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലും എസ്ഐടി പരിശോധന നടത്തി. ഏകദേശം 13 മണിക്കൂറോളം നീണ്ട പരിശോധനയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്, പെൻഡ്രൈവ്, സി.ഡി. തുടങ്ങിയവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പരിശോധനയ്ക്കിടെ 67 ലിറ്റർ മദ്യവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇതിൽ 43 ലിറ്റർ വിദേശനിർമിത മദ്യമാണ്. കൂടാതെ വൈനും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മദ്യം എക്സൈസ് വകുപ്പിന് കൈമാറിയതായാണ് വിവരം.
സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായാണ് ഡോളർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പിടിച്ചെടുത്ത ഡോളറിന്റെ വിശദമായ പരിശോധന നടക്കുകയാണ്. വിദേശ ബാങ്കുകളുടെ എടിഎം കാർഡുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട് ഉൾപ്പെടെ അഞ്ച് ഇടങ്ങളിലാണ് എസ്ഐടി ഒരേസമയം പരിശോധന നടത്തിയത്. പുലർച്ചെയോടെയാണ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പോലീസ് നൽകുന്ന സൂചന.
റിപ്പോർട്ടർ ചാനൽ ഓഫീസിൽ എസ്ഐടി പരിശോധന; ഡോളറും വിദേശ ബാങ്ക് എടിഎം കാർഡുകളും കണ്ടെത്തിയതായി റിപ്പോർട്ട്