ആൺകുട്ടികൾക്കും അവരുടെ ഇഷ്ടാനുസരണം തലമുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കി. തലമുടിയുടെ നീളത്തിന്റെ പേരിലോ അതിനോടനുബന്ധിച്ചുള്ള മറ്റ് കാര്യങ്ങളുടെ പേരിലോ ആൺകുട്ടികളെയോ ട്രാൻസ്‌ജെൻഡർ കുട്ടികളെയോ സ്കൂൾ അധികൃതർ മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താനോ, വിവേചനപരമായി പെരുമാറാനോ, ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു. ബാഹ്യരൂപത്തേക്കാൾ വിദ്യാർത്ഥികളുടെ പഠനപുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ പ്രാഥമിക പരിഗണന നൽകേണ്ടതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും, വൃത്തിയായും സുരക്ഷിതമായും മുടി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കുട്ടികൾക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ ചെയ്യണം. എന്നാൽ ആരോഗ്യത്തിന് ഹാനികരമാകുന്ന കെമിക്കലുകളോ കളറുകളോ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. കൂടാതെ, ലിംഗനിർണ്ണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി ಪರಿപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ്ണ അവകാശമുണ്ടായിരിക്കും.
ഈ വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇ.യോ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി. അതിനാൽ അടിയന്തരമായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും, ആൺകുട്ടികളെയും ലിംഗനിർണ്ണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന സമിതിയുടെ അഭിപ്രായം കേട്ടശേഷമായിരിക്കണം സ്കൂളുകൾക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദ്ദേശത്തിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.
കേരളത്തിലെ വിദ്യാലയങ്ങൾ 'ജെൻഡർ ന്യൂട്രൽ' ആണെന്ന് അവകാശപ്പെടുമ്പോഴും മുടി നീട്ടിവളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി ചിത്രീകരിക്കുകയും വിവേചനപരമായി പെരുമാറുകയും ചെയ്യുന്നുവെന്ന് കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോൻ നൽകിയ ഹർജിയും, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയോട് മുടി വെട്ടിവരാൻ ആവശ്യപ്പെട്ടിട്ടും കുട്ടി വഴങ്ങാത്തതിനെ തുടർന്ന് മാർഗ്ഗനിർദ്ദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ നിർണ്ണായക ഉത്തരവ്.
മുടിയുടെ നീളം നോക്കി ആൺകുട്ടികളെ ക്ലാസിന് പുറത്താക്കരുത്; കർശന ഉത്തരവുമായി ബാലാവകാശ കമ്മീഷൻ