Logo
Wed, Sep 16, 2026 • 11:04 PM
LIVE TV
Watch

No business videos available

No Middle East videos available

മിഷൻ സമുദ്ര സാമ്പത്തിക വളർച്ചയുടെ പുതിയ ശക്തിയാകും: മുഖ്യമന്ത്രി വി ഡി സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2026
1 min read
SHARE:
SAVE: Login to save

മിഷൻ സമുദ്ര സാമ്പത്തിക വളർച്ചയുടെ പുതിയ ശക്തിയാകും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ചരക്കുനീക്കം, ടൂറിസം, സീഫുഡ് കയറ്റുമതി തുടങ്ങിയ മേഖലകളിലെ സമുദ്രസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മിഷൻ സമുദ്ര സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ പുതിയ ശക്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കേരളത്തിനുണ്ടായിരുന്ന സമുദ്രവ്യാപാര പാരമ്പര്യത്തെ ആധുനിക സാധ്യതകളുമായി കൂട്ടിയിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വേദിയാകുന്ന ‘റീഇമാജിനിങ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ആദ്യദിനത്തിൽ മിഷൻ സമുദ്രയെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ 600 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്‌നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിച്ച് സംസ്ഥാനത്തെയാകെ ഒരു ഏകീകൃത പോർട്ട് ശൃംഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്കുനീക്കത്തിന്റെ 50 ശതമാനം ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ എണ്ണ, ഗ്യാസ് തുടങ്ങിയ അപകടസാധ്യതയുള്ള വസ്തുക്കളുടെ നീക്കവും രണ്ടാംഘട്ടത്തിൽ മറ്റ് ചരക്കുകളുടെ നീക്കവും ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റാനാണ് പദ്ധതി.

മിഷൻ സമുദ്രയുടെ ഭാഗമായി ആവശ്യമായ സ്ഥലം പരമാവധി ഏറ്റെടുക്കാൻ വ്യവസായ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലിനും നിക്ഷേപ ആവശ്യങ്ങൾക്കുമുള്ള വായ്പകൾ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ബാങ്കുകളും സന്നദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ടൂറിസത്തിനും സീഫുഡ് കയറ്റുമതിക്കും പ്രത്യേക പരിഗണന
ടൂറിസ്റ്റ് ടെർമിനലുകൾ ആരംഭിച്ച് ചെറുകിട തുറമുഖങ്ങളുമായും സംസ്ഥാനത്തെ 44 നദികളുമായും ബന്ധിപ്പിക്കാനാണ് പദ്ധതി. മാരിടൈം, ലോജിസ്റ്റിക്സ്, മാരിടൈം നിയമങ്ങൾ തുടങ്ങിയ മേഖലകളിൽ അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.

സീഫുഡ് കയറ്റുമതി മേഖലയിൽ കേരളത്തിന്റെ പഴയ നേട്ടം തിരിച്ചുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. മിഷൻ സമുദ്രയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾ പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും തീരദേശ മേഖലയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പുനരധിവാസവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും
കേരളത്തിലെ ടൂറിസം വികസനത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുമായി ഓഷ്യനേറിയം, മാരിടൈം മ്യൂസിയം എന്നിവ പ്രധാന പദ്ധതികളായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആധുനിക മാതൃകകളും പദ്ധതികളിൽ പ്രയോജനപ്പെടുത്തും.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ കുറഞ്ഞത് നാല് മുതൽ ഏഴ് ദിവസം വരെ സംസ്ഥാനത്ത് ചെലവഴിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനനുസൃതമായാണ് ഓഷ്യനേറിയം, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മിഷൻ സമുദ്രയെക്കുറിച്ചുള്ള ചർച്ചയിൽ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, മേഖലയിലെ വിദഗ്ധർ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10