നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. സെപ്റ്റംബർ 13ന് കോവളത്തെ താജ് ഹോട്ടലിൽ നടന്ന വിവാഹച്ചടങ്ങിൽ നടൻ ദുൽഖർ സൽമാൻ അവതാരകനായി എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിമിഷ് രവിയുടെ അടുത്ത സുഹൃത്തായ ദുൽഖറിന് അദ്ദേഹത്തിന്റെ സിനിമാ കരിയറിലും പ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിവാഹത്തിന് പിന്നാലെ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലൊന്നാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വിവാഹവേദിയിൽ വധൂവരന്മാർ ചുംബിക്കുന്ന ചിത്രത്തിൽ സമീപത്തായി കയ്യിൽ മൈക്കുമായി ദുൽഖർ സൽമാനും നിൽക്കുന്നതാണ് ശ്രദ്ധേയമായത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ദുൽഖറിനെ കൂടാതെ നടൻ ചന്തു സലിംകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, സംവിധായകൻ ഡൊമിനിക് അരുൺ തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.
വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ഇരുവരുടെയും ദീർഘകാല സൗഹൃദവും പ്രണയവും പങ്കാളിത്തവുമെല്ലാം ഓർമിപ്പിച്ചുകൊണ്ടായിരുന്നു അഹാനയുടെ കുറിപ്പ്. 20-ാം വയസ്സിൽ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സിലാണ് വിവാഹിതരായതെന്നും, ഒരുമിച്ച് പ്രായമാകാനും സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കാനും ജീവിതത്തിലും അതിനപ്പുറവും ഒരേ ടീമായി തുടരാനുമാണ് ആഗ്രഹിക്കുന്നതെന്നും അഹാന കുറിച്ചു.
"എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഇപ്പോൾ എന്റെ ഭാര്യ" എന്നായിരുന്നു വിവാഹചിത്രങ്ങൾക്കൊപ്പം നിമിഷ് രവി കുറിച്ചത്.
അഹാനയുടെ കുടുംബവുമായി നിമിഷ് രവിക്കും കുടുംബത്തിനും നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. കുടുംബത്തിലെ വിവിധ ചടങ്ങുകളിലും വിശേഷങ്ങളിലും നിമിഷും കുടുംബവും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് പൊതുവെ പ്രതികരിക്കാതെ സ്വകാര്യത കാത്തുസൂക്ഷിക്കുകയായിരുന്നു.
സെപ്റ്റംബർ 13ന് ആരംഭിച്ച വിവാഹച്ചടങ്ങുകൾ മൂന്ന് ദിവസത്തോളം നീണ്ടുനിന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
അഹാന കൃഷ്ണ-നിമിഷ് രവി വിവാഹത്തിൽ തിളങ്ങിയത് ദുൽഖർ സൽമാൻ; വൈറലായി വിവാഹച്ചിത്രം