ടിവിഎസും ബജാജും ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലേക്ക്; പുതിയ മോഡലുകൾ ഉടൻ
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൂടുതൽ മത്സരം ശക്തമാകുന്നു. പ്രമുഖ വാഹന നിർമാതാക്കളായ ടിവിഎസും ബജാജ് ഓട്ടോയും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി രംഗപ്രവേശനത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും മാസങ്ങളിലായി റോയൽ എൻഫീൽഡ് ഫ്ലയിങ് ഫ്ലീ സി6, ഓബൻ റോർ ഇവോ, അവോറ ഇഎക്സ് തുടങ്ങിയ മോഡലുകൾ എത്തിയതോടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗവും ശ്രദ്ധ നേടുകയാണ്.
ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2025ൽ ടിവിഎസ് അവതരിപ്പിച്ച കൺസെപ്റ്റ് മോഡലിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുകയെന്നാണ് സൂചന. ഐക്യൂബ്, ഓർബിറ്റർ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പിന്നാലെ ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കും ഇത്.
E3X എന്ന പേരിൽ അവതരിപ്പിച്ച കൺസെപ്റ്റിൽ സി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, സമാന രൂപകൽപ്പനയിലുള്ള ടെയിൽ ലാമ്പ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. ഗോൾഡ് ഫിനിഷിലുള്ള USD ഫ്രണ്ട് ഫോർക്കുകൾ, വലിയ അലോയ് വീലുകൾ, ബെൽറ്റ് ഡ്രൈവ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.
ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം സംവിധാനത്തോടെയുള്ള ADAS ആണ് മറ്റൊരു ശ്രദ്ധേയ ഫീച്ചർ. ഐക്യൂബ് STയിൽ ഉപയോഗിക്കുന്ന 5.3kWh ബാറ്ററി പാക്ക് പുതിയ മോട്ടോർസൈക്കിളിലും ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഒറ്റ ചാർജിൽ 200 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ.
2027 മധ്യത്തോടെ വാഹനം വിപണിയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വില രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആയിരിക്കുമെന്നും സൂചനയുണ്ട്. മുന്നിലും പിന്നിലും ഡ്യുവൽ-ചാനൽ ABS സഹിതമുള്ള പെറ്റൽ ഡിസ്ക് ബ്രേക്കുകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.
ബജാജ് ഓട്ടോയും മാസ്-മാർക്കറ്റ് വിഭാഗത്തെ ലക്ഷ്യമിട്ട് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുണ്ട്. 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യൻ വിപണിയിൽ വാഹനം അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
പുനെയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിർമിക്കുന്ന ഈ മോട്ടോർസൈക്കിൾ ആദ്യം മറ്റ് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും പിന്നീട് ഇന്ത്യയിൽ അവതരിപ്പിക്കാനുമാണ് ബജാജിന്റെ പദ്ധതി.
ടിവിഎസിന്റെയും ബജാജിന്റെയും പുതിയ മോഡലുകൾ എത്തുന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.