റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിനെതിരെയുള്ള വിജിലൻസ് കേസുകളുടെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിൽ ചാനലിന്റെ മുൻകാല വാർത്താ രീതികളെ രൂക്ഷമായി വിമർശിച്ച് പി.കെ. ഫിറോസ് എം.എൽ.എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തെ റിപ്പോർട്ടർ ടി.വി. റിപ്പോർട്ട് ചെയ്തത് വാർത്താപരമായ താല്പര്യങ്ങളോടെയായിരുന്നില്ലെന്നും, മറിച്ച് മറ്റ് ചില വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
അന്ന് ആ കേസിൽ ചാനൽ പ്രധാനമായും വിരൽ ചൂണ്ടിയത് അന്നത്തെ ഡിവൈ.എസ്.പി. ആയിരുന്ന ബെന്നിക്കെതിരെയായിരുന്നു. മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിനും സഹോദരങ്ങൾക്കുമെതിരെ കൃത്യമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഇതേ പോലീസ് ഉദ്യോഗസ്ഥനായ ബെന്നിയായിരുന്നുവെന്ന് ഫിറോസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ കസ്റ്റഡി മരണത്തിലെ നീതിയേക്കാളും, മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് ചാനൽ ആ വിഷയം ഉപയോഗിച്ചതെന്ന് എം.എൽ.എ. കുറിച്ചു.
"റിപ്പോർട്ടറിലെ ജോലിക്കാരെല്ലാം ഹരിശ്ചന്ദ്രന്മാരാണെന്ന തരത്തിലുള്ള ഒരു പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെയാണോ അല്ലയോ എന്ന കാര്യത്തിൽ എനിക്ക് തീർച്ചയില്ല, എങ്കിലും എനിക്കറിയാവുന്ന ഒരു കാര്യം വ്യക്തമാക്കാം" എന്ന മുഖവുരയോടെയാണ് പി.കെ. ഫിറോസ് എം.എൽ.എ. തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ഫ്രോഡായ മാധ്യമ മുതലാളി മാത്രമാണ് കുഴപ്പക്കാരനെന്നും അതിലെ ജോലിക്കാരെല്ലാം ഹരിശ്ചന്ദ്രൻമാരുമാണെന്ന ഒരു നരേഷൻ നടക്കുന്നുണ്ട്. അങ്ങിനെ ആണോ അല്ലേ എന്ന കാര്യത്തിൽ എനിക്ക് തീർച്ചയില്ലാത്തത് കൊണ്ട് ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ പറയാം.
താനൂർ പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡിയിൽ വെച്ച് താമിർ ജിഫ്രി എന്നൊരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഞങ്ങളൊക്കെ അന്ന് പോലീസിനെതിരെ അതിശക്തമായ സമരം സംഘടിപ്പിച്ചവരാണ്. ഡാൻസാഫിലെ അംഗങ്ങൾക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുമെല്ലാം ഞങ്ങൾ സംസാരിച്ചു. എല്ലാ മാധ്യമങ്ങളും സമരവും കസ്റ്റഡി മരണവുമെല്ലാം വാർത്തയുമാക്കി.
എന്നാൽ റിപ്പോർട്ടർ ടി വി മാത്രം വിഷയത്തെ മറ്റാരു രീതിയിലാണ് അവതരിപ്പിച്ചത്. അവരുടെ വാർത്തയുടെ കുന്തമുന അന്ന് ഡി.വൈ.എസ്.പിയായിരുന്ന ബെന്നിക്കെതിരായിരുന്നു. റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടർമാർ ബെന്നിക്കെതിരെ മത്‌സരിച്ച് വർത്ത കൊടുത്തു. പ്രതിഷേധത്തിൽ പ്രസംഗിക്കാൻ വരുന്നവരോടെല്ലാം ബെന്നിക്കെതിരെ പ്രസംഗിക്കാൻ പ്രോത്സാഹനം നൽകി.
ആദ്യമൊന്നും റിപ്പോർട്ടർ ടി.വിയുടെ താൽപര്യം മനസ്സിലായില്ല. പിന്നീടാണ് ഈ പോലീസുദ്യോഗസ്ഥനോട് റിപ്പോർട്ടർ ടി .വിക്കുള്ള വിരോധം മനസ്സിലാക്കാനായത്. മരം മുറി കേസിൽ റിപ്പോർട്ടർ ടിവിയുടെ മുതലാളി ആൻ്റോ അഗസ്റ്റിനും സഹോദരൻമാർക്കുമെതിരെ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയാണ്. താമിർ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ ഒന്നുമായിരുന്നില്ല റിപ്പോർട്ടറിൻ്റെ പ്രശ്‌നം. മരം മുറി കേസിൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധം മാത്രമായിരുന്നു.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിൽ താമിർ ജിഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെമ്മറി കാർഡുകൾ കിട്ടിയെന്ന വാർത്ത കൂടി ചേർത്ത് വായിക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ നിഷ്കളങ്ക അന്വേഷണാത്മക പത്രപ്രവർത്തനമായിരുന്നില്ല ഇതിൻ്റെയെല്ലാം പിന്നിലെ താൽപ്പര്യം എന്ന് വ്യക്തമാകും
താമിർ ജിഫ്രി കേസിൽ റിപ്പോർട്ടറിന്റേത് മാധ്യമപ്രവർത്തനമല്ല, വ്യക്തിവൈരാഗ്യം: പി.കെ. ഫിറോസ്