കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നാളെ (വെള്ളിയാഴ്ച) നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. രാവിലെ 11:00 മണി മുതൽ വൈകിട്ട് 04:00 മണി വരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ പ്രധാന റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുക. നേവൽ ബേസ്, തേവര, എം.ജി റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, ഇടപ്പള്ളി മേഖലകളിലും ആലുവ–പാലാരിവട്ടം പി.ഡബ്ല്യു.ഡി റോഡിലും ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവ ഭാഗത്തുനിന്ന് കലൂരിലേക്ക് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര വഴിയോ കലൂർ-കതൃക്കടവ് റോഡ് വഴിയോ പോകേണ്ടതാണ്. ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന ആലുവ, പറവൂർ വാഹനങ്ങൾ കണ്ടെയ്നർ റോഡ് ഉപയോഗിക്കണം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്നവരും തിരികെ പോകുന്നവരും കുണ്ടന്നൂർ ജംഗ്ഷൻ, അലക്സാണ്ടർ പറമ്പിത്തറ പാലം, ബി.ഒ.ടി ഈസ്റ്റ് വഴി യാത്ര തിരിച്ചുവിടണം. വൈപ്പിൻ ഭാഗത്തുള്ളവർ കണ്ടെയ്നർ റോഡും ഫോർട്ട് കൊച്ചി-വൈപ്പിൻ ജങ്കാർ സർവീസുകളും പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്.
വി.വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംഗ്ഷൻ മുതൽ തേവര, എം.ജി. റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം വഴി പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടിൽ റോഡരികിലെ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ പരമാവധി കൊച്ചി മെട്രോ സർവീസുകളെ ആശ്രയിക്കുന്നതാണ് ഉചിതമെന്നും സിറ്റി പോലീസ് കൂട്ടിച്ചേർത്തു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ കൊച്ചിയിൽ: കടുത്ത ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു