ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗം തടയാൻ മരുന്നുകളുടെ വിൽപ്പനയിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.
ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച്1 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മരുന്നുകളുടെ വിൽപ്പനയിലും വിതരണത്തിലുമാണ് പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് ഇനി അനുവദിക്കില്ല.
ഇത്തരം മരുന്നുകൾ വിതരണം ചെയ്യുമ്പോൾ രോഗിയുടെ പേര്, വിലാസം, മരുന്ന് നിർദേശിച്ച ഡോക്ടറുടെ പേര്, രജിസ്ട്രേഷൻ നമ്പർ, നൽകിയ മരുന്നിന്റെ അളവ്, വിതരണം ചെയ്ത തീയതി എന്നിവ രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിക്കണം.
രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് സൂക്ഷിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച രേഖകൾ ആവശ്യമായ സാഹചര്യത്തിൽ പരിശോധിക്കാൻ കഴിയുന്ന തരത്തിലായിരിക്കണമെന്നുമാണ് വ്യവസ്ഥ.
കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. മരുന്നുകളുടെ അനധികൃത വിൽപ്പനയും കുറിപ്പടിയില്ലാതെയുള്ള വിതരണവും സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നടപടി.
നിർദിഷ്ട ഭേദഗതികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ ചട്ടങ്ങൾ പ്രാബല്യത്തിൽ വരിക.
ആന്റിബയോട്ടിക്, ഉറക്കഗുളിക വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; കുറിപ്പടിയില്ലാതെ ഇനി മരുന്ന് നൽകാൻ പാടില്ല