നഗോയ: ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ്ങിന് പകരം കബഡി താരം പവൻ സെഹ്‌റാവത് ഇന്ത്യൻ പതാകയേന്തും. മനു ഭാക്കറിനൊപ്പമാണ് പവൻ ഉദ്ഘാടനവേദിയിൽ ഇന്ത്യയുടെ പതാകയുമായി അണിനിരക്കുക. തജീന്ദറിന്റെ ഔദ്യോഗിക കിറ്റ് ലഭിക്കാൻ വൈകിയതാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്.
നിലവിൽ സുസുകൂവയിലെ അത്‌ലറ്റിക്സ് പരിശീലന കേന്ദ്രത്തിലാണ് തജീന്ദർപാൽ. നഗോയയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് താരം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ കബഡി ടീമിൽ അംഗമായിരുന്ന പവൻ സെഹ്‌റാവതാണ് തജീന്ദറിന് പകരം പതാകയേന്തുക. നഗോയ സിറ്റി മിസുവോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക.
ഇന്ത്യൻ കബഡിയിലെ പരിചയസമ്പന്നരായ താരങ്ങളിലൊരാളാണ് പവൻ സെഹ്‌റാവത്. ഇത്തവണ 35 കായിക ഇനങ്ങളിലായി 503 താരങ്ങളാണ് ഇന്ത്യക്കായി ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്.
2023ലെ ഏഷ്യൻ ഗെയിംസിൽ 28 സ്വർണമടക്കം 107 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംഘം ഇത്തവണ ഏഷ്യൻ ഗെയിംസിനെത്തുന്നത്.
കിറ്റ് വൈകി ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി തജീന്ദർപാൽ ,മനു ഭാക്കറിനൊപ്പം പവൻ സെഹ്‌റാവത് ഇന്ത്യൻ പതാകയേന്തും