തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പ്രധാന കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന കണക്കുകൾ കൂടി പുറത്തുവിടണമെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു. ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തന്നെ തുടർന്നുവെങ്കിലും ലഭ്യത മെച്ചപ്പെട്ടതിനാൽ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി കെ.എസ്.ഇ.ബി വ്യക്തമാക്കി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഡിമാൻഡിൽ ഏകദേശം 150 മെഗാവാട്ടിന്റെ കുറവുണ്ടായി. കൂടാതെ ഗ്രിഡ് ഫ്രീക്വൻസി സാധാരണ നിലയിലായതും ഗ്രിഡിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതും പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.