ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മേളയിലെ പ്രശസ്തമായ 'മിഡ്നൈറ്റ് മാഡ്നസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന പെരുമയോടെയാണ് ‘ഹാഫ്’ വേൾഡ് പ്രീമിയർ ചെയ്തത്. സെപ്റ്റംബർ 18-ന് നടന്ന പ്രദർശനത്തിനും തുടർന്നുള്ള ചോദ്യോത്തര സെഷനും അവിശ്വസനീയവും ആവേശകരവുമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്ന് നിർമ്മിച്ച ചിത്രം രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരുടെ കഥ പറയുന്ന വാംപയർ ആക്ഷൻ ത്രില്ലറാണ്. സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ സംവിധായകൻ സംജാദ്, നിർമ്മാതാക്കളായ ആൻ സജീവ്, സജീവ് പി.കെ, പ്രധാന താരങ്ങളായ രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ പങ്കെടുത്ത് പ്രേക്ഷകരുമായി സംവദിച്ചു.
ചിത്രത്തിന്റെ റോ ആയ അവതരണ ശൈലിയും, വെരി ട്രി യുലിസ്മാന്റെ ആക്ഷൻ കൊറിയോഗ്രഫിയും, പാപ്പിനുവിന്റെ ഛായാഗ്രഹണവും, മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടി. വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനവും മിഥുൻ മുകുന്ദന്റെ സംഗീതവും ചിത്രത്തിന് തീവ്രമായ അന്തരീക്ഷമൊരുക്കിയതായി കാണികൾ അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം എക്സൽ എന്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ (BFF) ചിത്രത്തിന്റെ അന്താരാഷ്ട്ര സെയിൽസ് അവകാശവും കരസ്ഥമാക്കി.