കൊച്ചി: സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായി. ആരോഗ്യമന്ത്രിയും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് സമവായത്തിലെത്തിയത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ കെജിഎംഒഎ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. ആവശ്യമായ തസ്തികകളിൽ പുതിയ നിയമനം നടത്താതെ നിലവിലുള്ള ഡോക്ടർമാരെ മറ്റ് ആശുപത്രികളിലേക്ക് പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കുന്നതിനോടായിരുന്നു സംഘടനയുടെ എതിർപ്പ്.
ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ആശുപത്രികളിൽ നിലവിലുണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്ന സ്പെഷ്യലിസ്റ്റുകളെ പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കാൻ കഴിയുമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി കെജിഎംഒഎ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരുടെ സമ്മതം തേടുമെന്ന് സർക്കാർ ഉറപ്പ് നൽകി. ഡോക്ടർമാരെ മാറ്റുന്ന സ്ഥാപനങ്ങളിൽ പകരം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും അറിയിച്ചു. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്ന കെജിഎംഒഎയുടെ ആവശ്യവും പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഇതോടെ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ നീങ്ങിയതായി വിലയിരുത്തുന്നു. പുനലൂർ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉടൻ പൂർണതോതിൽ ആരംഭിക്കും.
ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നത്. രാവിലെ 8 മുതൽ രാത്രി 8 വരെ ഓരോ വിഭാഗത്തിലും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാകും.
രാത്രി 8 മണിക്ക് ശേഷം ഓൺ-കോൾ സംവിധാനത്തിലൂടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിലേക്കും സമാന രീതിയിൽ മുഴുവൻ സമയ വിദഗ്ധ ചികിത്സാ സേവനം വ്യാപിപ്പിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ