ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയെ തുറന്നു ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആശ്വാസകരമായ സമഗ്ര സഹായ പദ്ധതി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വട്ടവടയില്‍ ഉണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്തു. നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കും. പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.
അടിമാലിയിലെ ആശുപത്രിയിലെത്തി മരണമടഞ്ഞവര്‍ക്ക് മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍, ദേവികുളം സബ് കലക്ടര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഓറഞ്ച് അലര്‍ട്ട് ജില്ലയില്‍ തുടരുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലേക്കുള്ള യാത്ര താല്‍ക്കാലികമായി മാറ്റിവയ്ക്കുകയോ സഞ്ചാരികള്‍ സ്വയം നിയന്ത്രണം പാലിക്കുക ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മ്മാണം നടക്കുന്നിടത്ത് മണ്ണിടിയാതിരിക്കാനുള്ള മുന്‍കരുതല്‍ കരാറുകാരും ദേശീയപാത അതോറിട്ടിയും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണ്ണെടുക്കുന്ന സാഹചര്യം അപകടത്തിന് കാരണമാകുന്നുണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കും. ഇതു സംബന്ധിച്ച് പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ചിട്ടുണ്ട്.
ഗതാഗത തടസമില്ലാത്ത വിധം നിര്‍മ്മാണ സാമഗ്രികള്‍ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്നൊരുക്കം നടത്തുന്നതിനായി ദുരന്തനിവാരണ സേന പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍, സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ജില്ലയിലെ പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളുടെ അവലോകനം നടത്തി.