വയനാട് വാഴവറ്റയിലെ വീട് തന്റേതല്ലെന്ന റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ അവകാശവാദം തളളുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. ജിഎസ്ടി വകുപ്പിന് നൽകിയ ഔദ്യോഗിക മൊഴിയിൽ നൽകിയിരിക്കുന്നത് ഈ വീടിന്റെ മേൽവിലാസം തന്നെയാണെന്ന് കണ്ടെത്തി. കൂടാതെ, വൻ മദ്യശേഖരം പിടിച്ചെടുത്ത ഈ വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചതെന്നും വിവരമുണ്ട്. 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഉത്തരവാദിത്തം മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം. സ്പോൺസറാകാൻ ആവശ്യപ്പെട്ട് തന്നെ സമീപിച്ചത് സർക്കാരാണെന്നും, അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളുമായി കാര്യങ്ങൾ തീരുമാനിച്ചിരുന്നുവെന്നുമാണ് ആന്റോ ഓഗസ്റ്റ് മൂന്നിന് ജിഎസ്ടി വകുപ്പിന് നൽകിയ മൊഴി. സർക്കാരിന്റെ ഗുഡ്‌വില്ലിന് വേണ്ടിയാണ് പണം ചെലവഴിക്കാൻ തയ്യാറായതെന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ, ആന്റോയുടെ മൊഴി വിശ്വസിക്കണമോ വേണ്ടയോ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കട്ടെയെന്ന് കായികമന്ത്രി ഒ. ജെ. ജനീഷ് പ്രതികരിച്ചു.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ സർക്കാർ ആലോചിക്കുന്നു. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തീരുമാനം.
മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്റോ അഗസ്റ്റിനെതിരെ ജിഎസ്ടി രേഖകളും നിയമവിരുദ്ധ നിർമാണ തെളിവുകളും പുറത്ത്