റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ യു.ഡി.എഫ് സർക്കാരിനെയും പൊലീസിനെയും അഭിനന്ദിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അറസ്റ്റിനെ ‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’ എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ.
മാധ്യമ സ്ഥാപനങ്ങൾ ആരംഭിച്ച് തട്ടിപ്പുകാരും പലിശക്കാരും ക്രിമിനൽ പശ്ചാത്തലമുള്ളവരും മാന്യരാകാൻ ശ്രമിക്കുന്നതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ ആരോപിക്കുന്നു. മാധ്യമ ഉടമസ്ഥതയുടെ മറവിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും ചിലർ കരുതുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ കബളിപ്പിച്ചുവെന്നും ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണങ്ങളും വെള്ളാപ്പള്ളി ഉന്നയിച്ചു. ഈ വിഷയത്തിൽ മുൻ ഇടത് സർക്കാരും അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിച്ചതടക്കമുള്ള നടപടികളെയും അദ്ദേഹം പരാമർശിച്ചു.
വയനാട് മുട്ടിൽ മരംമുറി കേസിൽ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും ജയിലിൽ കിടന്നിരുന്നുവെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി ആരോപിക്കുന്നു. അതേസമയം, നിലവിലെ അറസ്റ്റുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് എക്സൈസ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.
റിപ്പോർട്ടർ സ്ഥാപനത്തിലെ റെയ്ഡിന്റെയും അറസ്റ്റിന്റെയും പേരിൽ മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വിമർശനങ്ങളെയും വെള്ളാപ്പള്ളി തള്ളി. തട്ടിപ്പുകാർ മാധ്യമ സ്ഥാപനങ്ങൾ ആരംഭിച്ച് സ്വാധീനം നേടുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ലെന്നും, അത്തരമൊരു സ്ഥാപനത്തിൽ നിയമനടപടി ഉണ്ടായാൽ അതിനെ വിമർശിക്കുന്നത് തട്ടിപ്പുകളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.