സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂടെ തിരുവല്ലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരം ഈഞ്ചയ്ക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയും സൈനികനുമായ രാഹുൽ രാജീവിന്റെ (30) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ത്വക്ക് എന്നിവയാണ് ദാനം ചെയ്യുന്നത്.
രാഹുലിന്റെ ഒരു വൃക്ക ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് ഗ്രീൻ കോറിഡോർ വഴി എത്തിക്കും. രാവിലെ 10.45ന് തിരുവനന്തപുരം മെഡിഫോർട്ട് ആശുപത്രിയിൽ നിന്ന് ആംബുലൻസ് തിരുവല്ലയിലേക്ക് പുറപ്പെടും. KL 27 N 8743 എന്ന പുഷ്പഗിരി ആശുപത്രിയുടെ ഡി-ലെവൽ ഐസിയു ആംബുലൻസിലാണ് വൃക്ക എത്തിക്കുക.
ഗ്രീൻ കോറിഡോർ യാത്ര സുഗമമാക്കുന്നതിനായി തിരുവനന്തപുരം ഈഞ്ചയ്ക്കൽ മുതൽ തിരുവല്ല വരെയുള്ള പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്നവർ ആംബുലൻസിന് വഴിയൊരുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
രാവിലെ 10.45ന് മെഡിഫോർട്ട് ആശുപത്രിയിൽ നിന്ന് പുറപ്പെടുന്ന ആംബുലൻസ് എയർപോർട്ട് റോഡ്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, ചടയമംഗലം, കൊട്ടാരക്കര, ഏനാത്ത്, അടൂർ, പന്തളം, ചെങ്ങന്നൂർ വഴി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തും.
രാഹുലിന്റെ മറ്റൊരു വൃക്കയും ത്വക്കും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിന് കൈമാറും. ഹൃദയ വാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലും, കരൾ കിംസ് ആശുപത്രിയിലും നൽകും. കോർണിയ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറുന്നത്.
ഒരു വ്യക്തിയുടെ അവയവങ്ങൾ നിരവധി രോഗികൾക്ക് പുതുജീവിതത്തിനുള്ള അവസരമൊരുക്കുന്ന ഈ അവയവദാനത്തിലൂടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ ലഭ്യമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.