മലപ്പുറത്തെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് മരണപ്പെട്ടു. വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം ഇതുവരെ 95 പേർക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. കാളികാവ് ജംഗ്ഷനിൽ ഹോം അപ്ലയൻസസ് സ്ഥാപനം നടത്തിവരികയായിരുന്ന വ്യക്തിയാണ് മരിച്ച സത്താർ.
മഞ്ചേരി-വണ്ടൂർ റൂട്ടിലുള്ള ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഭക്ഷണം കഴിച്ചവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച സമീപ പ്രദേശങ്ങളായ കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി എന്നിവിടങ്ങളിലുള്ളവരിലും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിൽ നടത്തിയ സാംപിൾ പരിശോധനയിൽ വെള്ളത്തിൽ 'ഇ-കോളി' ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ഹോട്ടൽ അടിയന്തരമായി അടപ്പിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് വണ്ടൂർ പഞ്ചായത്തിലാണ്. ഇവിടെ മാത്രം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമേ പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ രോഗബാധിതരുടെ കണക്ക്. രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സാഹചര്യം കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ക്ഷീണം, പനി, വിശപ്പില്ലായ്മ, മഞ്ഞനിറത്തിലുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയിൽ