ആറന്മുള: മുന്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ ആസ്തി വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അഡ്വ. അബിന്‍ വര്‍ക്കി എംഎല്‍എ വ്യക്തമാക്കി. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പുറത്തുവിട്ടതെന്നും ഇതില്‍ യാതൊരു വ്യക്തി അധിക്ഷേപവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
2021-2026 സാമ്പത്തിക വര്‍ഷങ്ങളില്‍ എംഎല്‍എയ്ക്ക് ലഭിച്ച 26 കോടി രൂപയില്‍ 25 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതെന്ന് അബിന്‍ വര്‍ക്കി ആവര്‍ത്തിച്ചു. 2021-22 കാലഘട്ടത്തില്‍ കോവിഡ് സാഹചര്യത്തില്‍ ലഭിച്ച ഒരു കോടി രൂപയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും, 2022-23 ലെ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപയില്‍ നിന്നും ഒരു രൂപ പോലും പ്രൊപ്പോസ് ചെയ്യാന്‍ മുന്‍ എംഎല്‍എയ്ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് വര്‍ഷത്തെ പ്രൊപ്പോസലുകള്‍ ഒരുമിച്ച് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയെങ്കിലും അവയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നില്ലെന്നും രേഖകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി.
മുന്‍ എംഎല്‍എ പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച റോഡുകളുടെ യഥാര്‍ത്ഥ അവസ്ഥയും അബിന്‍ വര്‍ക്കി എംഎല്‍എ വിശദീകരിച്ചു. പല റോഡുകളുടെയും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചിലതിന്റെ ബില്ലുകള്‍ മാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇടപ്പരിയാരം മുക്കോട് റോഡ്: താന്‍ എംഎല്‍എ ആയ ശേഷമാണ് പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടത്തിവരുന്നത്.
കുമ്പഴ കോന്നി വെട്ടൂര്‍ റോഡ്: നിര്‍മ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല; റീകാസ്റ്റ് ചെയ്ത് നിര്‍മ്മാണത്തിന് ശ്രമിക്കുന്നു.
മൂലൂര്‍ റോഡ്: എംഎല്‍എയായി ചുമതലയേറ്റ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുന്നു.
ഉളനാട് പണില്‍ റോഡ്: നിര്‍മ്മാണം ആരംഭിച്ചിട്ടില്ല; റീടെന്‍ഡര്‍ നടത്തി നിര്‍മ്മാണത്തിന് ശ്രമിക്കുന്നു.
താഴുമ്പല്‍ പാലാ പറമ്പില്‍ റോഡ്: രണ്ടാഴ്ച മുമ്പാണ് ഫിസിക്കല്‍ കംപ്ലീഷന്‍ നടത്താന്‍ സാധിച്ചത്.
വഴിയില്ലാത്തതിനാല്‍ നിര്‍മ്മാണം തുടങ്ങാനാകാത്ത ഇലന്തൂര്‍ കോളേജ്, വെള്ളക്കെട്ട് കാരണം കെട്ടിട നമ്പര്‍ ലഭിക്കാത്ത സിപാസ് കോളേജ് കെട്ടിടം, കയറാനും ഇറങ്ങാനും വഴിയില്ലാത്ത അബാന്‍ മേല്‍പ്പാലം എന്നിവയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനത്തിന്റെ ഉദാഹരണങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴഞ്ചേരി പാലത്തില്‍ ലൈറ്റ് സ്ഥാപിക്കാന്‍ അനുവദിച്ച തുക തടഞ്ഞെന്ന പ്രചാരണത്തെയും അബിന്‍ വര്‍ക്കി എംഎല്‍എ തള്ളി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപയായിരുന്നു ഇതിനായി പ്രൊപ്പോസ് ചെയ്തിരുന്നത്. എന്നാല്‍ താന്‍ എംഎല്‍എയായ ശേഷം കിഫ്ബി, പിഡബ്ല്യുഡി അധികൃതരുമായി സംസാരിച്ചതില്‍ നിന്ന് പാലം നിര്‍മ്മാണത്തിന് ശേഷം ഒരു കോടി രൂപ ബാലന്‍സ് ഉണ്ടെന്ന് വ്യക്തമായി. ഈ തുക പാലത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചില്ലെങ്കില്‍ അസാധുവായി പോകുമെന്ന് മനസ്സിലാക്കിയതിനാലാണ് ആ തുക ലൈറ്റ് സ്ഥാപിക്കാന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും, ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപ മണ്ഡലത്തിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അബിന്‍ വര്‍ക്കി എംഎല്‍എ വ്യക്തമാക്കി.
'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെടുത്തി'; രേഖകൾ സഹിതം പുറത്തുവിട്ട് അബിന്‍ വര്‍ക്കി എംഎല്‍എ