റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ ബസപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതായി റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ ഈ അപകടത്തിൽ 11 പേർ മരിച്ചതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം ഔദ്യോഗികമായി അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷം ഔദ്യോഗിക വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് കർശനമായി അഭ്യർത്ഥിച്ചു.
14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ ട്രക്ക് അപകടത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് യുഎഇയിൽ നിന്ന് മറ്റൊരു വലിയ വാഹനാപകട വാർത്ത കൂടി പുറത്തുവരുന്നത്. 12 ദിവസങ്ങൾക്ക് മുമ്പ് ഫുജൈറയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 18 വാഹനങ്ങൾ കൂട്ടിയിടിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂചന