യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്എഫ്ഐ നേതാവിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കി സിപിഎം
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടിയുമായി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.
പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി. സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ സിപിഎമ്മിനെ അപമാനിക്കാൻ ശ്രമം നടക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. ഓഗസ്റ്റ് 20ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ കണ്ടെന്നാണ് യുവതിയുടെ ആരോപണം.
യുവതി ബഹളംവെച്ചതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി നവനീതിനെ തടഞ്ഞുവെച്ചെന്നും ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റ് ദൃശ്യങ്ങളും കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഈ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കംചെയ്തതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
തുടർന്ന് യുവതി ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. എന്നാൽ പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നവനീതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നും പൊലീസ് വിശദീകരിച്ചു.
പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനയിൽ പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.