വാഗമൺ: മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും ആഘോഷമാകാറുണ്ട്. ഓണക്കാലത്ത് ചിത്രീകരണം നിർത്തിവച്ച് അണിയറപ്രവർത്തകർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അവസരം നൽകുന്നതാണ് പതിവെങ്കിലും, ഇത്തവണ ചില സിനിമകളുടെ ചിത്രീകരണം ഓണദിനങ്ങളിലും തുടർന്നു. കാരക്കുടിയിൽ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം, ഊട്ടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ടൊവിനോ തോമസ് ചിത്രം മുൻപേ, കുട്ടിക്കാനം–വാഗമൺ മേഖലകളിൽ ചിത്രീകരിക്കുന്ന ജയസൂര്യ ചിത്രം മായൻ എന്നിവ ഓണക്കാലത്തും ചിത്രീകരണം തുടർന്ന ചിത്രങ്ങളാണ്.
മായൻ സിനിമയുടെ വാഗമൺ ലൊക്കേഷനിൽ ഇക്കുറി വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 28ന് വാഗമണിലെ ഒരു കൺവൻഷൻ സെന്ററിലായിരുന്നു ആഘോഷം. ചിത്രീകരണം വാഗമണിൽ പുരോഗമിക്കുന്നതിനിടെയാണ് അഭിനേതാക്കളും അണിയറപ്രവർത്തകരും യൂണിറ്റ് അംഗങ്ങളും ഉൾപ്പെടെ നൂറ്റിയമ്പതോളം പേർ പങ്കെടുത്ത ഓണാഘോഷം നടന്നത്.
ചടങ്ങിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസും വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ്, വൈഷ്ണവി തുടങ്ങിയ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമാ സംഘത്തോടൊപ്പം ഓണം ആഘോഷിക്കുന്നത് ആദ്യമായാണെന്ന് ആശംസാപ്രസംഗത്തിൽ ഡീൻ കുര്യാക്കോസ് പറഞ്ഞു. വാഗമണിൽ ചിത്രീകരണം നടത്തുന്ന സിനിമാ സംഘത്തിന് ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്ത അദ്ദേഹം ചിത്രം മികച്ച വിജയം നേടട്ടെയെന്നും ആശംസിച്ചു.
നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ പാരമ്പര്യങ്ങളെ ഇത്തരം ഒത്തുചേരലുകളിലൂടെ തിരിച്ചുപിടിക്കാനാകട്ടെയെന്ന് ജയസൂര്യ പറഞ്ഞു. താൻ നിർമിക്കുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓണത്തലേന്ന് പൂർത്തിയാക്കിയശേഷമാണ് നേരെ മായൻ ലൊക്കേഷനിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഒത്തുചേരലുകൾ മാനവികതയുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി നാട്ടിൽ ഓണം ആഘോഷിക്കാൻ അവസരം ലഭിച്ചിരുന്നില്ലെന്നും ഇത്തവണ അതിന് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നൈല ഉഷ പറഞ്ഞു.
മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് മായൻ നിർമിക്കുന്നത്. കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസാണ് സംവിധാനം. ജിതിൻ കെ. ജോസ് സ്വാഗതവും നിർമാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു.
ചിത്രീകരണ തിരക്കുകൾക്കിടയിലും താരങ്ങളും അണിയറപ്രവർത്തകരും യൂണിറ്റ് അംഗങ്ങളും ഒരുമിച്ചുകൂടിയ ആഘോഷം സിനിമാ സംഘത്തിന് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചാണ് സമാപിച്ചത്.