അന്താരാഷ്ട്ര സമുദ്രമേഖലയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാൻ യുദ്ധക്കപ്പൽ ഇടിച്ച സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഒമാൻ തീരത്തുനിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ഗൾഫ് ഓഫ് ഒമാൻ ഭാഗത്ത് കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന നാവിക വിന്യാസത്തിലായിരുന്നു ഇന്ത്യൻ കപ്പൽ. മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് പാകിസ്ഥാന്റെ 'പിഎൻഎസ് ഹുനൈൻ' ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിലേക്ക് അടുക്കുകയായിരുന്നു. കൂട്ടിയിടിയിൽ പാക് യുദ്ധക്കപ്പലിന്റെ മുൻഭാഗത്തിന് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇന്ത്യക്കെതിരെ പ്രകോപന ആരോപണവുമായി പാകിസ്ഥാൻ രംഗത്തെത്തി. തങ്ങളുടെ നാവികാഭ്യാസത്തിനിടെ ഇന്ത്യൻ കപ്പലാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ, വടക്കേ അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ കപ്പലിലേക്ക് പാക് പടക്കപ്പൽ വന്ന് ഇടിക്കുകയായിരുന്നുവെന്നും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
1991-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിലെ ആർട്ടിക്കിൾ 10 പ്രകാരം രാജ്യാന്തര അതിർത്തിയിൽ പടക്കപ്പലുകൾ കുറഞ്ഞത് 3 നോട്ടിക്കൽ മൈൽ അകലം പാലിക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണവശാൽ അടുക്കേണ്ടി വന്നാൽ മുൻകൂട്ടി പരസ്പരം അറിയിക്കണമെന്നാണ് വ്യവസ്ഥ. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ സുരക്ഷാ ധാരണകൾ പൂർണ്ണമായും ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.