ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി സൗക്കാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മരണം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴകത്തെ നിരവധി താരങ്ങൾ സൗക്കാർ ജാനകിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
1950ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത ‘ഷാവുകരു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സൗക്കാർ ജാനകി സിനിമയിലെത്തിയത്. 1952ൽ ടി.ആർ. സുന്ദരം സംവിധാനം ചെയ്ത ‘വലയപതി’യിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
450ലധികം സിനിമകളിലും 300ലധികം നാടകങ്ങളിലും അഭിനയിച്ച സൗക്കാർ ജാനകി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1964ൽ പുറത്തിറങ്ങിയ ‘സ്കൂൾ മാസ്റ്റർ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
മലയാളത്തിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച താരം മമ്മൂട്ടി നായകനായ ‘സൂര്യമാനസം’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മൂട്ടി അവതരിപ്പിച്ച പുത്തൻപുരയിൽ ഉരുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തിൽ സൗക്കാർ ജാനകി എത്തിയത്.
നാടകവേദിയിലും സിനിമയിലും പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയജീവിതത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ വിയോഗം സിനിമാലോകത്തിന് തീരാനഷ്ടമാണ്.