കൊച്ചി: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ നടപടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തായത്. ഇരുവർക്കും നൽകിയിരുന്നത് സീറോ ടിക്കറ്റായിരുന്നു. എന്നാൽ ടിക്കറ്റിനുള്ള തുക കണ്ടക്ടർക്ക് നൽകിയതായി യാത്രക്കാർ ഇൻസ്പെക്ടറോട് വ്യക്തമാക്കി.
തുടർന്ന് ബസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും യാത്രാക്കൂലി കണ്ടക്ടർക്ക് നൽകിയതായി അറിയിച്ചു.
യാത്രക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കണ്ടക്ടർ വിജയനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത അധികൃതർ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന് കൈമാറി. സംഭവത്തിൽ തുടർനടപടികൾ വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം ഉണ്ടാകും.