ഇൻഡോർ: ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികൾക്ക് പകരം ഭരണകൂടത്തെ കണ്ണുമടച്ച് വിശ്വസിക്കുന്ന അന്ധഭക്തരെ വളർത്തിയെടുക്കാനാണ് കേന്ദ്ര സർക്കാരും ഭരണസംവിധാനവും ശ്രമിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡോറിൽ സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിൽ 'സിസ്റ്റവും വിദ്യാർത്ഥികളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരാണ് രാജ്യത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന സിസ്റ്റത്തിന്റെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ടെലിഫോൺ, സോഷ്യൽ മീഡിയ സംവിധാനങ്ങൾ അജിത് ഡോവലിന്റെ നിയന്ത്രണത്തിലാണെന്നും ഫോണുകൾ ചോർത്തി ഈ വിവരങ്ങൾ മോദിക്കും അമിത് ഷായ്ക്കും കൈമാറുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ആർ.എസ്.എസിന് ആയിരക്കണക്കിന് കോടി രൂപ നൽകുന്നതായും, പൊതുപണം ശതകോടീശ്വരന്മാരിലേക്ക് വഴിതിരിച്ചുവിട്ട് ബി.ജെ.പി പ്രൊപ്പഗണ്ടയ്ക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ തെണ്ടുൽക്കറും കപിൽ ദേവും അടക്കമുള്ള ഇതിഹാസങ്ങളുള്ള രാജ്യത്ത് ക്രിക്കറ്റ് ഭരണനിർവഹണം അമിത് ഷായുടെ മകനെ ഏൽപ്പിച്ചതും സിസ്റ്റത്തിന്റെ വീഴ്ചയ്ക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചോ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചോ ഭക്തർ ചോദ്യങ്ങൾ ചോദിക്കില്ലെന്നും, എന്നാൽ വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ഭരണകൂടം അവരെ ഭയക്കുന്നതെന്നും രാഹുൽ ചൂണ്ടികാട്ടി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷൻ റിപ്പോർട്ട് പരാമർശിച്ച് ഇൻഡോർ പൊലീസ് നൽകിയ സുരക്ഷാ നിർദ്ദേശത്തിനെതിരെയും കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു.