തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് അഞ്ച് വർഷത്തിനിടെ 787 പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ചെന്ന തന്റെ വാദത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആകെ 500ൽ താഴെ പേഴ്‌സണൽ സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകിയത്.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പേഴ്‌സണൽ സ്റ്റാഫംഗങ്ങളുടെ പേരുകൾ മാത്രമല്ല, വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതലായി പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിലവിലെ സർക്കാർ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പരിപാലനത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 12 പേരെ കൂടി നിയോഗിച്ചിരുന്നുവെന്നും സതീശൻ ആരോപിച്ചു. 22,290 രൂപ മുതൽ 75,000 രൂപ വരെയുള്ള ശമ്പള സ്കെയിലിലായിരുന്നു ഇവരുടെ നിയമനം. 2025ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ടും ഉത്തരവിറക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ പരിപാലനത്തിനായി മാത്രം പ്രതിമാസം ഏഴ് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 84 ലക്ഷത്തിലധികം രൂപയും ചെലവഴിച്ച സർക്കാരാണ് പിണറായി വിജയന്റേതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ഇത്തരത്തിൽ ചെലവഴിച്ചവരാണ് പേഴ്‌സണൽ സ്റ്റാഫിന്റെ പേരിൽ യു.ഡി.എഫ് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിക്കാലത്ത് പേഴ്സണല്‍ സ്റ്റാഫ് 787 പേർ തന്നെ; പേര് മാത്രമല്ല അവരുടെ വിലാസവും തരാമെന്ന് മുഖ്യമന്ത്രി