മുംബൈ: പൃഥ്വിരാജ് സുകുമാരനും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി ചിത്രം ‘ദായ്‌റ’ റിലീസിന് ഒരുങ്ങുന്നു. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് ‘റാസി’, ‘തൽവാർ’, ‘സാം ബഹാദൂർ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രശസ്തയായ മേഘ്‌ന ഗുൽസാറാണ്. ചിത്രത്തിലെ ആദ്യ ഗാനം ‘സച്ച് കാ ദായ്‌റ’ അണിയറപ്രവർത്തകർ പുറത്തിറക്കി.
സെപ്റ്റംബർ 18ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകുന്ന സൂചനകൾ പ്രകാരം അന്വേഷണാത്മക ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരൻ പൊലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുമ്പോൾ കരീന കപൂറാണ് ചിത്രത്തിലെ നായിക.
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ദായ്‌റ’യിൽ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമാകുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മേഘ്‌ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ‘ദായ്‌റ’ ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുന്നതിനനുസരിച്ച് തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ ഏറെ ആകർഷിച്ചുവെന്നും താരം വ്യക്തമാക്കിയിരുന്നു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിൽ, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിൽ, കരീന കപൂറിനെപ്പോലൊരു നടിക്കൊപ്പം പ്രവർത്തിക്കാനാകുന്നത് മികച്ച അനുഭവമായിരിക്കുമെന്നും ചിത്രം പ്രഖ്യാപിച്ച വേളയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.
ചിത്രത്തിന്റെ പബ്ലിക് റിലേഷൻസ് നിർവഹിക്കുന്നത് സതീഷ് എരിയാളത്താണ്.