തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തിന് പുറത്തുനിന്ന് അടിയന്തരമായി എത്ര വൈദ്യുതി ലഭ്യമാക്കാനാകുമെന്നതും അതിന് എത്ര ചെലവ് വരുമെന്നതും മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു. വൈദ്യുതി ലഭ്യമാക്കുന്നതിനായി റെഗുലേറ്ററി കമ്മീഷനെ എത്രയും വേഗം സമീപിക്കാനാകുമോയെന്നും പരിശോധിച്ചു.
വരും ആഴ്ചകളിൽ സമാനമായ വൈദ്യുതി പ്രതിസന്ധി ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ഇല്ലാത്തതിനാൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗത്തിൽ പങ്കെടുത്തില്ല.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. മഴയുടെ കുറവ്, ഉയർന്ന അന്തരീക്ഷ താപനില, വൈകുന്നേരം ആറിന് ശേഷമുള്ള വൈദ്യുതി ഉപഭോഗത്തിലെ കുത്തനെ വർധന എന്നിവ പ്രതിസന്ധി രൂക്ഷമാക്കിയതായി കെഎസ്ഇബി വ്യക്തമാക്കി.
ആറ് പവർ എക്സ്ചേഞ്ചുകളിലെയും വൈദ്യുതി ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളാണ്.
സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളിൽ ഏകീകൃത സമയക്രമം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഓരോ പ്രദേശത്തും ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
വൈദ്യുതി നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്ന പുതിയ സംവിധാനവും സംസ്ഥാനവ്യാപകമായി നിലവിൽ വരും. പവർകട്ട് ഉണ്ടാകുന്ന സമയം സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ ഉപഭോക്താക്കളെ അറിയിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
വൈദ്യുതി പ്രതിസന്ധി ; അടിയന്തര നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി