Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു; ചൂട് കൂടും, ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു; ചൂട് കൂടും, ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. അതേസമയം, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം.

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുകയും കുടയോ തൊപ്പിയോ ധരിക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാനും നിർദേശമുണ്ട്.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡുകൾ) എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

കാട്ടുതീ പടരാനുള്ള സാധ്യതയും കൂടുതലായതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാക്കാലമാണെങ്കിൽ പരീക്ഷാഹാളുകളിലും കുടിവെള്ളം ലഭ്യമാക്കണം.

കുട്ടികൾക്ക് കൂടുതൽ സമയം വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്യണം. വിദ്യാർഥികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ 3 വരെ കുട്ടികൾ നേരിട്ട് ചൂട് ഏൽക്കുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. അംഗൻവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഉറപ്പാക്കണം.

കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ നൽകണം.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയ കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷ ഉച്ചസമയത്ത് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂട് ഏൽക്കുന്നത് കുറയ്ക്കുന്ന വസ്ത്രധാരണവും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കാനുള്ള സൗകര്യവും നൽകണം.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ജോലിക്കിടെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും വേണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് മതിയായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

പൊതുപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളവും തണലും ഉറപ്പാക്കണം. കഴിയുന്നത്ര പകൽ 11 മുതൽ വൈകുന്നേരം 3 വരെ ഇത്തരം പരിപാടികൾ ഒഴിവാക്കുന്നതാണ് ഉചിതം. യാത്രക്കാർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുകയും കൈയിൽ കുടിവെള്ളം കരുതുകയും വേണം.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഇരുത്തി പോകാൻ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജലം പാഴാക്കാതെ ഉപയോഗിക്കുകയും മഴ ലഭിക്കുന്ന അവസരങ്ങളിൽ പരമാവധി വെള്ളം സംഭരിക്കുകയും വേണം. നിർജലീകരണം ഒഴിവാക്കാൻ ചെറിയ കുപ്പിയിൽ കുടിവെള്ളം എപ്പോഴും കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.

ചൂട് മൂലം അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.







Related articles

See all
Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Save your stories

Sign in