'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.28 കോടി'; വീണയുടെ 'റെഡ് ബുക്കില്‍' പണമിടപാട് വിവരങ്ങള്‍, ഗുരുതര വെളിപ്പെടുത്തലുകളുമായി ഇഡി
തിരുവനന്തപുരം: മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. റിയാസ് മന്ത്രിയായിരുന്ന കാലയളവില്‍ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും, ഇതിലൊരു ഭാഗം ഹവാല മാര്‍ഗ്ഗത്തിലൂടെ ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ.ഡി. റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി., സംസ്ഥാന പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖറിന് 25 പേജുള്ള കത്ത് കൈമാറി.
ഇ.ഡി. 'റെഡ് ബുക്ക്' എന്ന് വിശേഷിപ്പിച്ച ബുക്കിലെ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായക തെളിവായി മാറുന്നത്. വീണയുടെ പക്കല്‍നിന്ന് കണ്ടെടുത്ത ഈ പുസ്തകത്തിലെ ഏഴ് താളുകളില്‍ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മന്ത്രിയായിരുന്ന ഘട്ടത്തിൽ മുഹമ്മദ് റിയാസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന വിവരങ്ങൾ ലഭിച്ചത്. സുഹൃത്തുക്കളും പാർട്ടി നേതാക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ദുബൈയിൽ കമ്പനി സ്ഥാപിക്കാനും കച്ചവടം നടത്താനും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കുന്നത്. 2024-25 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍, സാക്ഷിമൊഴികള്‍, ബാങ്ക് രേഖകള്‍, മറ്റ് സാമ്പത്തിക തെളിവുകള്‍ എന്നിവയടങ്ങുന്നതാണ് ഇ.ഡി. ഡി.ജി.പി.ക്ക് നല്‍കിയ 25 പേജുള്ള കത്ത്. റിയാസ് മന്ത്രിസ്ഥാനത്തിരിക്കെ സമ്പാദിച്ച 20.5 കോടി രൂപയില്‍ വലിയൊരു ഭാഗം നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തല്‍ വലിയ പ്രതിസന്ധിയിലേക്കാണ് വഴിവെച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പണം കടത്താന്‍ വിപുലമായ ഹവാല ശൃംഖല ഉപയോഗിച്ചതായി ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്‌മെന്റ് സ്ഥിരീകരിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന്റെ ഭാര്യ ടി. വീണയ്ക്ക് പുറമെ ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാല്‍ എന്നിവരും ഈ ഹവാല ഇടപാടുകളില്‍ പങ്കാളികളായതായി ഇ.ഡി കണ്ടെത്തി. ഈ പണമിടപാടുകള്‍ നടന്ന സമയത്ത് വീണ രണ്ട് ആഴ്ചയോളം ദുബായില്‍ തങ്ങിയതിന്റെ രേഖകളും ഇ.ഡി പോലീസിന് കൈമാറിയിട്ടുണ്ട്. 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും കണ്ടെത്തി. ഇവിടെ കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായി ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്.
കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. വീണ വഴി സി.എം.ആര്‍.എല്ലില്‍ നിന്ന് പലപ്പോഴായി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഇതിന്റെ തെളിവുകളും കത്തിലുണ്ട്. ഇ.ഡി നല്‍കിയ കത്ത് ലഭിച്ചതോടെ കടുത്ത നിയമപരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കും ഭരണനേതൃത്വം ഒരുങ്ങുകയാണ്. പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരവും വലിയ തുകയുടേതുമായ ഇടപാടുകള്‍ കത്തിലുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ തെളിവ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു മുമ്പിലാണ് വീണ, പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചതായും ഇ.ഡി. വ്യക്തമാക്കുന്നു. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്.ഈ പണം എവിടെനിന്നു വന്നു, എങ്ങോട്ട് പോയി, ആരോക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ കൂടുതലായി കണ്ടെത്തേണ്ടത്. സി.എം.ആർ.എൽ. പണമിടപാട് കേസേക്കാൾ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഇ.ഡി കൈമാറിയ റിപ്പോര്‍ട്ട് കേവലം രാഷ്ട്രീയ ആരോപണമെന്ന പേരില്‍ തള്ളിക്കളയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ സെക്ഷന്‍ 66 (2) പ്രകാരം വ്യക്തമായ തെളിവുകള്‍ സഹിതമാണ് ഇ.ഡി കത്തുനല്‍കിയിട്ടുള്ളതെന്നും അത് നിയമപരമായി പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍ നിന്നോ കമ്പനികളില്‍ നിന്നോ സംഭാവന വാങ്ങുന്ന സാധാരണ രീതിയിലുള്ള ഒന്നല്ല ഈ കേസെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനപ്പുറമുള്ള അനധികൃത പണമിടപാടുകളും കൈക്കൂലി ഇടപാടുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷയത്തെ കേവലം രാഷ്ട്രീയ പ്രതിരോധം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്ന സി.പി.എം നിലപാടിനെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
അഴിമതി നിരോധന നിയമപ്രകാരവും ഹവാല ഇടപാടുകളിലെ വിജിലന്‍സ് അന്വേഷണ സാധ്യതകളും സര്‍ക്കാര്‍ സജീവമായി പരിശോധിച്ചുവരികയാണ്. മന്ത്രി സ്ഥാനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് വന്‍തുക വിദേശത്തേക്ക് കടത്തിയെന്ന ആരോപണം പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുമ്പോള്‍, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.