Logo
Thu, Sep 10, 2026 • 10:55 AM
LIVE TV
Watch

No business videos available

No Middle East videos available

ഇറാൻ-യുഎസ് യുദ്ധം എപ്പോൾ അവസാനിക്കും? എണ്ണവില കുതിക്കുന്നു, ഓഹരി വിപണിയിൽ ആശങ്ക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 10, 2026
1 min read
SHARE:
SAVE: Login to save

ഇറാൻ-യുഎസ് യുദ്ധം എപ്പോൾ അവസാനിക്കും? എണ്ണവില കുതിക്കുന്നു, ഓഹരി വിപണിയിൽ ആശങ്ക

ഏഴുമാസത്തോളമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന് ഉടൻ പരിഹാരമുണ്ടാകുമോ എന്ന ആശങ്ക ശക്തമാകുന്നു. യുദ്ധപരിഹാരത്തിനായി രാജ്യാന്തര നിക്ഷേപകർ കാത്തിരിക്കുമ്പോഴും, സംഘർഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നതിനപ്പുറം നീളാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്.

യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന സൈനിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കാലം നേരിടാൻ ഇറാന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ യുദ്ധം 2029 ജനുവരി വരെ നീണ്ടേക്കാമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും ട്രംപിന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. 2025ലാണ് ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റായി അധികാരമേറ്റത്.

എന്നാൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ യുദ്ധം അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില കുറയാനും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുദ്ധത്തിന് അന്ത്യമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായി ചർച്ചകൾ സാധ്യമാണെങ്കിലും നിലവിൽ അതിനുള്ള നീക്കം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ യുദ്ധവും കുതിച്ചുയരുന്ന എണ്ണവിലയും സംബന്ധിച്ച് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

എണ്ണവില 100 ഡോളറിന് മുകളിൽ

പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തെ കൂടുതൽ ബാധിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ക്രൂഡ് ഓയിൽ വില കുതിപ്പ് തുടരുകയാണ്. ബാരലിന് 100 ഡോളർ പിന്നിട്ട ബ്രെന്റ് ക്രൂഡ് വില 101 ഡോളറിന് മുകളിൽ തുടരുന്നു. ഡബ്ല്യുടിഐ ക്രൂഡ് 96.34 ഡോളറിലും മർബൻ ക്രൂഡ് 116 ഡോളറിലുമാണ് വ്യാപാരം.

അമേരിക്കൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് സൈന്യം തകർത്തതോടെ സംഘർഷം കൂടുതൽ രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചാൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സ്വർണവിലയിലും തിരിച്ചുകയറ്റം

തുടർച്ചയായ ദിവസങ്ങളിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവില ഇന്നലെ വീണ്ടും ഉയർന്നു. ഡോളറിന്റെ വിനിമയനിരക്കിലുണ്ടായ ഇടിവും പശ്ചിമേഷ്യയിലെ സംഘർഷവുമാണ് സ്വർണവിലയ്ക്ക് പിന്തുണയായത്.

അതേസമയം, ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുന്നുണ്ട്. ഇത് അടുത്തയാഴ്ച ചേരുന്ന ഫെഡറൽ റിസർവ് യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിരക്ക് വർധനയ്ക്ക് വിപണി 60 ശതമാനം സാധ്യതയാണ് കണക്കാക്കുന്നത്. നിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ സമ്മർദമുണ്ടാകാം. അമേരിക്കയിൽ ഇന്നും നാളെയും പുറത്തുവരാനിരിക്കുന്ന ഉൽപാദന, പണപ്പെരുപ്പ കണക്കുകൾ വിപണിയെ സംബന്ധിച്ച് നിർണായകമാകും.

ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്

തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടതോടെ സെൻസെക്സ് മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 813 പോയിന്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ സെൻസെക്സ് 74,764 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 203 പോയിന്റ് അഥവാ 0.86 ശതമാനം നഷ്ടത്തിൽ 23,450 പോയിന്റിന് താഴെയെത്തി.

നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ സൂചികകൾ ഇടയ്ക്കിടെ തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും വിൽപന സമ്മർദം ശക്തമായതോടെ നേട്ടം നിലനിർത്താനായില്ല. ഐടി, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസ് ഓഹരികളിലാണ് പ്രധാനമായും വിൽപന സമ്മർദമുണ്ടായത്.

രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ വർധനയാണ് ഇന്ത്യൻ വിപണിയെയും പ്രധാനമായും ബാധിച്ചത്. വിപണിയുടെ ആശങ്കാ സൂചികയായ ഇന്ത്യ വിക്സ് ഇന്നലെ ആറ് ശതമാനം ഉയർന്നു. വിപണിയിലെ ചാഞ്ചാട്ടം വർധിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുകയും എണ്ണവില ഉയരുകയും ചെയ്താൽ വരും ദിവസങ്ങളിലും ഓഹരി സൂചികകൾക്ക് തിരിച്ചടിയുണ്ടാകാമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഐടി ഓഹരികൾക്ക് 'ട്രംപാഘാതം'

ഇന്ത്യൻ ഐടി മേഖലയിലും വീണ്ടും 'ട്രംപാഘാതം'. ഐടി ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞതോടെ ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം 55,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നിഫ്റ്റി ഐടി സൂചിക ഏകദേശം നാല് ശതമാനം ഇടിഞ്ഞു.

കോഫോർജ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടിസിഎസ്, കോഗ്‌നിസന്റ് തുടങ്ങിയ പ്രമുഖ ഐടി ഓഹരികളിലെല്ലാം ഇടിവുണ്ടായി.

പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ കോഗ്‌നിസന്റിന്റെ 'പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ഫയലിങ്' സസ്‌പെൻഡ് ചെയ്യാനുള്ള യുഎസ് തൊഴിൽ വകുപ്പിന്റെ തീരുമാനമാണ് ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്. വിസ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

വിദേശ തൊഴിലാളികളെ യുഎസിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ പ്രധാന ഘട്ടമാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ഫയലിങ്. ഇതിൽ ക്രമക്കേടുകൾ നടക്കുന്നതായും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളെ ഇത് ബാധിക്കുന്നതായും യുഎസ് തൊഴിൽ വകുപ്പ് ആരോപിക്കുന്നു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സമാനമായ നടപടികൾ മറ്റ് ഇന്ത്യൻ ഐടി കമ്പനികൾക്കും നേരിടേണ്ടിവരുമെന്ന ആശങ്കയാണ് മേഖലയുടെ ഓഹരികൾക്ക് തിരിച്ചടിയായത്. യുഎസിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോഗ്‌നിസന്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

കോഫോർജ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒ.പി. ഭട്ട് രാജിവച്ചതും ഐടി മേഖലയ്ക്ക് തിരിച്ചടിയായി. കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന ഓഡിറ്റ് റിപ്പോർട്ടിന് പിന്നാലെയാണ് രാജി. ഇതോടെ കോഫോർജ് ഓഹരി ഏകദേശം ഒമ്പത് ശതമാനം ഇടിഞ്ഞു. ബ്രോക്കറേജ് സ്ഥാപനമായ കാപെക്സിന്റെ ഇന്ത്യൻ ഐടി മേഖലയെക്കുറിച്ചുള്ള പുതിയ പ്രവചനങ്ങളും വിപണിയുടെ ആശങ്ക വർധിപ്പിച്ചു.

ഇന്നും വിപണിയിൽ സമ്മർദത്തിന് സാധ്യത

ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നഷ്ടത്തിൽ തുടരാനാണ് സാധ്യത. ഏഷ്യൻ വിപണികളിൽ പലതും നഷ്ടത്തിലാണ്. യുഎസ് ഓഹരി ഫ്യൂച്ചറുകളും ഇടിവിലാണ്.

ഉയർന്ന ക്രൂഡ് ഓയിൽ വിലയും ബോണ്ട് യീൽഡുകളും പണപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നതിനാൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 90 പോയിന്റ് നഷ്ടത്തിലാണ്. ഇതോടെ ഇന്ത്യൻ വിപണിയിൽ നഷ്ടത്തോടെയോ കാര്യമായ നേട്ടമില്ലാതെയോ വ്യാപാരം ആരംഭിക്കാനാണ് സാധ്യത.

പുതിയ ഐഫോൺ എത്തിയിട്ടും ആപ്പിളിന് തിരിച്ചടി

യുഎസ് ഓഹരി വിപണിയും ഇന്നലെ നഷ്ടം തുടർന്നു. സർക്കാർ കടപത്രങ്ങൾ തിരിച്ചുവാങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടും നിക്ഷേപകർ യുഎസ് ട്രഷറി ബോണ്ടുകൾ വിറ്റത് വിപണിയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നുള്ള പണപ്പെരുപ്പ ഭീഷണിയും തിരിച്ചടിയായി.

ഡൗ ജോൺസ് 0.77 ശതമാനവും എസ് ആൻഡ് പി 500 0.48 ശതമാനവും നാസ്ഡാക് 0.64 ശതമാനവും ഇടിഞ്ഞു.

പുതിയ ഐഫോൺ സീരീസ് പുറത്തിറക്കിയിട്ടും ആപ്പിൾ ഓഹരിയിലും തുടക്കത്തിൽ ഇടിവുണ്ടായി. പുതിയ സിഇഒ ജോൺ ടെർണസിന്റെ ആദ്യ ഉൽപന്ന ലോഞ്ചായിരുന്നു ഇത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി ഏകദേശം 1.5 ശതമാനം ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ച് 0.28 ശതമാനം ഇടിവിൽ, ഓഹരിയൊന്നിന് 315.34 ഡോളറിൽ ക്ലോസ് ചെയ്തു.

ജൂൺ 25ന് ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതിന് ശേഷം ആപ്പിൾ ഓഹരി ഏകദേശം 14 ശതമാനം ഉയർന്നിരുന്നു. ഫോൾഡബിൾ ഫോൺ ഉൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങളുടെ അരങ്ങേറ്റവും ഓഹരിയുടെ നേട്ടത്തിന് കാരണമായിരുന്നു. എന്നാൽ വിപണി പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രഖ്യാപനങ്ങൾ പുതിയ ലോഞ്ചിൽ ഉണ്ടായില്ലെന്ന വിലയിരുത്തലാണ് ഇന്നലത്തെ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.




Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10