കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി മലയാളി സംഘവും രംഗത്ത്. കോഴിക്കോട് നിന്നുള്ള കേരള റസ്‌ക്യൂ ടീമാണ് സ്വമേധയാ കാഠ്മണ്ഡുവിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ അനുമതി തേടിയത്. നേപ്പാൾ സൈന്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് സംഘം അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള രഞ്ജിത്ത് ഇസ്രയേലിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നുള്ള രഞ്ജിത്ത് ഇസ്രയേൽ, ബിജു, സാദിഖ്, റിനോജ് എന്നിവരാണ് സംഘത്തിലുള്ളത്. നേപ്പാളിലെ പ്രളയദുരന്തത്തിന്റെ വാർത്തകൾ കണ്ടാണ് രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായി സംഘം കാഠ്മണ്ഡുവിലെത്തിയത്.
രണ്ട് ദിവസം മുൻപാണ് കാഠ്മണ്ഡുവിലെത്തിയതെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ഉൾപ്പെടെ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിനുള്ള അനുമതി തേടിയിട്ടുണ്ട്. ടണൽ ഓപ്പറേറ്റർമാരെ നേപ്പാൾ നിലവിൽ രക്ഷാപ്രവർത്തനത്തിനായി ക്ഷണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 11 ഇന്ത്യൻ സൈനികരും പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ സൈനിക സംഘത്തോടൊപ്പം ചേർന്നോ അല്ലെങ്കിൽ സ്വതന്ത്രമായോ രക്ഷാപ്രവർത്തനം നടത്താൻ അനുമതി തേടിയിട്ടുണ്ടെന്നും എത്രയും വേഗം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് പറഞ്ഞു. തങ്ങളാൽ കഴിയുന്ന സഹായം ദുരന്തബാധിതർക്ക് നൽകുകയാണ് ലക്ഷ്യമെന്നും സംഘം വ്യക്തമാക്കി.
അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാനസരോവർ–കൈലാസ് തീർഥാടനത്തിനായി നേപ്പാളിലെത്തിയ മലയാളികളാണ് പ്രളയത്തിൽ അകപ്പെട്ടത്. ടിബറ്റൻ മേഖലയോട് ചേർന്ന റിസ്വയിലാണ് ഇവരുടെ അവസാന ലൊക്കേഷൻ ലഭിച്ചത്. കാണാതായവർക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലപ്പുറം പൊന്നാനി സ്വദേശി ശ്രീധരൻ അയ്യർ, ഭാര്യ രൂപ, മക്കളായ ഋഷഭ്, രുദ്ര എന്നിവർ ഓസ്‌ട്രേലിയൻ സംഘത്തോടൊപ്പമാണ് തീർഥാടനത്തിനെത്തിയത്. കൊല്ലം പറവൂർ സ്വദേശിനി സുനന്ദയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനന്ദയുടെ കുടുംബം ഡി.എൻ.എ സാമ്പിളുകൾ നൽകിയിട്ടുണ്ട്.
കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ശ്രീധരൻ അയ്യരെയും കുടുംബത്തെയും കണ്ടെത്താൻ കഴിയാത്തതിൽ കടുത്ത ആശങ്കയുണ്ടെന്ന് ബന്ധുക്കൾ പ്രതികരിച്ചു. ഇവരെ അന്വേഷിച്ച് കഴിഞ്ഞ ആറ് ദിവസമായി ബന്ധുക്കൾ നേപ്പാളിൽ തുടരുകയാണ്.