പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബർ 10 വരെ ഒമ്പത് ദിവസങ്ങളിലായാണ് സഭ ചേരുന്നത്. നിയമനിർമ്മാണത്തിനായി ചേർന്ന രണ്ടാം സമ്മേളനത്തിന് തൊട്ടുപിന്നാലെ, ഒരു മാസത്തിനുള്ളിൽ തന്നെ വീണ്ടും നിയമനിർമ്മാണ ആവശ്യത്തിനായി സഭ സമ്മേളിക്കുന്നു എന്ന സവിശേഷതയും ഈ സമ്മേളനത്തിനുണ്ട്.
സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം സുപ്രധാനമായ ഒമ്പത് ബില്ലുകളാണ് ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സമഗ്ര കായിക ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് നിരോധന ബിൽ എന്നിവയാണ് അവതരിപ്പിക്കുന്ന പ്രധാന ബില്ലുകൾ.
കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് വഴിയൊരുക്കുന്ന 'കേരള നോളേജ് വാലി ബിൽ' യുഡിഎഫ് സർക്കാരിന്റെ നിർണ്ണായക നീക്കമായിരിക്കും. മുൻ സർക്കാരിന്റെ കാലത്ത് പാസാക്കിയ കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് എസ്റ്റാബ്ലിഷ്മെന്റ് ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ ബിൽ മടക്കി നൽകണമെന്ന പ്രമേയം പാസാക്കിയതിനെ തുടർന്ന് രാഷ്ട്രപതി ബിൽ സന്ദേശത്തോടെ മടക്കി നൽകിയിട്ടുണ്ട്. ഈ ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയവും രാഷ്ട്രപതിയുടെ സന്ദേശവും സഭയിൽ പരിഗണിച്ച ശേഷമാകും പുതിയ സ്വകാര്യ സർവ്വകലാശാലാ ബിൽ അവതരിപ്പിക്കുക.
കായിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന സമഗ്ര കായിക നയ ബിൽ സംസ്ഥാനത്തെ കായിക രംഗത്തിന് വലിയ കരുത്താകും. കായിക മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി കായികതാരങ്ങളുടെ ക്ഷേമവും വികസനവും ഭരണനിർവ്വഹണവും ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിൽ കൊണ്ടുവരുന്ന 'റാഗിംഗ് നിരോധനവും വിദ്യാർത്ഥി ക്ഷേമവും ബിൽ' കലാലയങ്ങളിലെ റാഗിംഗ് തടയാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും സഹായിക്കും.
സമ്മേളന കാലത്ത് സന്ദർശക തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരെ കാണുന്നതിന് പ്രത്യേക പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
കണ്ണൂരിലെ കൊലവിളി പ്രസംഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ സിപിഎം വിവിധ വിഷയങ്ങൾ ഉയർത്തി സഭയെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ ആറുമാസം കൊണ്ട് സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ പട്ടിക നിരത്തി പ്രതിപക്ഷത്തെ നേരിടാനാണ് സർക്കാർ ഒരുങ്ങുന്നത്.