ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം: തിരുവനന്തപുരം മൃഗശാലയിലേക്ക് സന്ദർശകർക്ക് ഓണവിരുന്നൊരുക്കാൻ സീബ്രകളെത്തുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് ഓണസമ്മാനമായി ഒരു ജോഡി സീബ്രകളെത്തുന്നു. ഗുജറാത്തിലെ 'ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ' (വൻതാര) നിന്നാണ് സീബ്രകളെ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകൾ എത്തുന്നത്. 2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതിനുശേഷം മൃഗശാലയിൽ സീബ്രകൾ ഉണ്ടായിരുന്നില്ല.
വൻതാരയിൽ നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള ഒരു ജോഡി സീബ്രകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ നേരിട്ടെത്തി പരിശോധിച്ചു തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘവും യാത്രയിൽ ഒപ്പമുണ്ടാകും. സീബ്രകൾക്ക് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് കൈമാറും.
വർഷങ്ങൾക്ക് ശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും, വരാനിരിക്കുന്ന ഓണാവധിയിൽ തന്നെ സന്ദർശകർക്ക് ഇവയെ കാണാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.